Tuesday, 27 April 2010

ഉന്നം മറന്ന്, തെന്നി പറന്ന്- ഇത് എങ്ങോട്ട് ...?














കുറച്ച് കാലമായി പത്രവായന തീരെ ഇല്ലെന്നു തന്നെ പറയാം.......
ടിവി വാര്‍ത്ത കാണുന്നതും കുറച്ചു...
വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടല്ല, ഒരുതരം അരോചകമായ വാര്‍ത്തകള്‍ കാണുമ്പോഴും, അല്ലെങ്കില്‍ പത്രത്തില്‍ വായിക്കുമ്പോള്‍- മനംപുരട്ടല്‍ കാരണം വേണ്ടെന്നുവെച്ചതാണ്.

എന്തും, ഏതും വിളിച്ചു പറയാന്‍ ഇന്ന് ആര്‍ക്കും മടിയില്ലതെയായി .....
എന്തിനെയും . ഏതിനെയും കാണാന്‍ ഒരു മടിയുമില്ലത്തവരായി .....വെറുങ്ങല്ലിച്ച മനസ്സോ , അതോ വൈകല്യമുള്ള മനസ്സോ ഇന്ന് മലയാളിയുടെത്?
നമ്മുടെ പ്രതികരണ ശേഷി നമ്മള്‍ നഷ്ട്ടപ്പെടുതിയതോ -അതോ നമ്മള്‍ വെറും നപുംസകങ്ങള്‍ ആയി മാറിയതോ- ?

തിലകന്‍ അഭിനയിച്ച ഒരുപാടു നല്ല കഥാപാത്രങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല -പക്ഷെ അതൊരു കാലമായിരുന്നു . അദ്ദേഹത്തിന്‍റെ ഒരു നോട്ടമോ ഒരു മൂളലോ മതിയായിരുന്നു -അതിനു നൂറു അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു - പക്ഷെ അതൊരു കാലം.
പ്രായത്തിന്‍റെ കൊട്ട് വന്ന മുഖമാണ് ഇന്ന് തിലകന്‍ എന്ന മഹാനടന്.
അത് അദ്ദേഹം മനസിലാക്കണം, പ്രേക്ഷകര്‍ക്ക്‌ എന്നെ വേണമെന്ന് സ്വയം ദരിക്കാതെ- ആ നടനോടുള്ള ആദരസൂചകമായി - സഹിക്കുകയാണ് നമ്മള്‍ ഇന്ന് അദ്ദേഹം ചൈയ്യുന്ന ചില വേഷങ്ങള്‍ കാണുമ്പോള്‍. ........

സുകുമാര്‍ അഴിക്കോട് സാറിനെ പോലെ ബഹുമാന്യനായ ഒരു സാമുഹ്യ ചിന്തകന് ഇടപെടാന്‍ മാത്രം ഒരു വലിയ വിഷയമായിരുന്നോ അത്......മോഹന്‍ലാല്‍ വിഗ്ഗ് വെച്ചാല്‍ എന്ത് , മമ്മുട്ടി മയ്ക്കപ്പു ചെയ്താല്‍ എന്ത് ....?
പക്ഷെ പത്രക്കാര്‍ക്ക് ഒരു വിഷയം കിട്ടി- അവര്‍ അത് ആഘോഷിച്ചു

വാര്‍ത്തകള്‍ക്കൊപ്പം നമ്മള്‍ സുഫിയ മദനിയുടെ പുറകിലായിരുന്നു കുറച്ചു കാലം -പിന്നെ തടിയെന്റ്റെവിട നസീര്‍ കുറെ കാലം , അങ്ങിനെ ഇരിക്കെ
ഉണ്ണിത്താന്‍ കഥ കിട്ടി ........പിന്നാലെ നടിയും സന്യസിയുടെയും ചൂടുള്ള വാര്‍ത്തയായി , പൊലിസ് മേധാവിയുടെ വിദേശ യാത്ര- അങ്ങനെ ഇപ്പോള്‍ ഇതാ IPL വിവാദം - ശശി തരൂരിന്‍റെ രാജിയില്‍ എത്തി നില്‍ക്കുന്നു ....

പത്രം ചിലവാവണം- ചാ
നെലിനു പരസ്യം കിട്ടണമെങ്കില്‍ കാഴ്ചക്കാര്‍ വേണം -
അത് അവരുടെ വാദം. മറുവശത്ത് മലയാളിയുടെ അഭിരുചികള്‍ വളരെ അധികം മാറി പോയി എന്നുള്ളത് ഒരു വസ്തുതയും .

ഒരു പ്രമുഖ മലയാള ചാനലില്‍ വരുന്ന 'കുറ്റപത്ര' പരിപാടിയുടെ തുടക്കം അന്നത്തെ പ്രധാന വാര്‍ത്തകള്‍ കേട്ട് കഴിഞ്ഞാല്‍ -'ചൂടുള്ള' ഒന്നുമില്ലെങ്ങില്‍ തലവഴി പുതപ്പിട്ടു കിടന്നുറങ്ങുന്ന ഒരു സുഹൃത്ത്‌ എന്‍റെ മുറിയില്‍ പറയുന്നത് കേട്ടിട്ടുണ്ട് -'നമ്മുടെ നാട്ടില്‍ ഒന്നും സംഭവിക്കുന്നില്ലേ അണ്ണാ ഇപ്പോള്‍ ...?"

മലയാളി മാറിയിരിക്കുന്നു -
ചിന്തകള്‍ മാറി, ആസ്വാദന രീതി മാറി, വസ്ത്ര രീതി മാറി, ആഹാര ഇഷ്ടനിഷ്ടങ്ങള്‍ മാറി , സഹൃദം , പ്രണയം, ലൈoഗിക അഭിരുചി -
എന്തിനു സംസാര രീതി വരെ മാറി -വാക്കുകള്‍ക്കിടയില്‍ 'അശ്ലീലം' വരുന്ന സംസാര രീതി .

'തെറി' എന്ന് പറയാന്‍ പറ്റുമോ ആ വാക്കുകളെ എന്നറിയില്ല - എന്നാല്‍ സംസ്കാരമുളള പദാവലികള്‍ അല്ല അവയൊന്നും ...... മനുഷ്യ ശരീരത്തിലെ ചില അവയവങ്ങളുടെ- അല്ലെങ്കില്‍ വളരപ്പെടുന്ന ചില ശരിര ഘടകങ്ങളുടെ തനതായ നാടന്‍ പ്രയോഗം മാത്രമാണ് ആ വാക്കുകള്‍ എന്ന് വേണമെങ്കില്‍ ഒരു വാദത്തിനു പറയാം -
പിന്നെ ഇതോക്കെ നല്ലതും ചീത്തയും എന്ന് വേര്‍ത്തിരിക്കുന്നത് , നമ്മളിലെ സംസ്‌കാര ബോധമല്ലെ, അതിപ്പോള്‍ നമുക്കുണ്ടോ എന്ന് ചിന്തിക്കലാവുമല്ലോ ഏറ്റവും എളുപ്പ മാര്‍ഗം .

ബാബു പോളിന്‍റെ ഒരു അനുസ്മരണം ഓര്‍ത്തു പോവുകയാണ് ഈ അവസരത്തില്‍ -അദ്ദേഹം 'ഓ. സീ. അച്ഛനെ ' പറ്റി പറഞ്ഞ ഒരു അനുഭവം.

ഇരുപതാം നൂറ്റാണ്ടിലെ മധ്യദശകങ്ങളില്‍ വടക്കെന്‍ തിരുവിതാന്‍കൂറിലെ വിദ്യഭ്യാസമേഘലയില്‍ നിശബ്ദമെങ്കിലും , ചൈതന്യവത്തായ സാനിദ്ധ്യമായിരുന്നു 'ശ്രി ഓ. സി . അച്ഛന്‍ '

അച്ഛന്‍റെ ഒരു പ്രസ്താവനയില്‍ നിന്ന് സംസ്കാരത്തിന് നിര്‍വ്വചനം കണ്ടെത്തിയ ഒരു അനുഭവം ശ്രി. ബാബുപോള്‍ വിവരിച്ചതിങ്ങനെ:
'നാട്ടിന്‍പുറത്ത്, സ്കൂളിലെ വിശാലമായ വളപ്പ് .
അവിടെ ഒരു ക്വര്‍ടെര്‍സിലാണ് അച്ഛന്‍റെ താമസം.
അവധിക്കാലതും, വാരാന്ത്യത്തിലും, ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള കുട്ടികള്‍ വൈകുന്നേരങ്ങളില്‍ ആ പറമ്പ് കൈയടക്കും. തലപന്ത്, കുറ്റിയും കോലും, ഫുട്ബോള്‍ , കബഡി- അങ്ങനെ പല തരം കളികള്‍.....
അവിടെ ഒരു ജഗരണ്ട മരത്തിനു കിഴെ , അരഭിത്തിയില്‍ ഇരുന്ന് അച്ഛന്‍ വല്ലതും വായിക്കും, സമാദാനപരമായ സഹവര്‍ത്തിത്വം.!
കളിക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അച്ഛനാണ് റെഫറീ - അതൊരു ശല്യമായി കണ്ടില്ല ആ ഗുരുനാഥന്‍.

ഒരു ദിവസം, ഒരാള്‍ 'തെറി' പറഞ്ഞതായി പരാതിയുണ്ടായി..!
ആ സാഹ്യാനത്തില്‍ 'തെറി' തിരിഞ്ഞ്, അച്ഛന്‍റെ ഏകഗ്രതയെ ഭഞ്ജിച്ചു -'അച്ചാ ദേ, ഈ പാപ്പച്ചന്‍ തെറി പറയണൂട്ടോ' - ആരോ വിളിച്ചു പറഞ്ഞു.
അച്ഛന്‍ വായന നിര്‍ത്തി , വിചാരണ തുടങ്ങി .

ഒടുവില്‍ അച്ഛന്‍ പഠിപ്പിച്ചു -'ഡാ പാപ്പച്ചാ , നീ പറഞ്ഞ ഈ 'തെറി' എനിക്കും അറിയാം, ഞാന്‍ പക്ഷെ അത് പറയുകേല. അതാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസം.'
"തെറി അറിയാത്തതല്ല സംസ്കാരം, അറിയുന്ന തെറി പറയാതിരിക്കുന്നതിനെയാണ് നാം സംസ്കാരമെന്ന് വിളിക്കുന്നത്‌ -" ഒരു മഹത്തരമായ നിര്‍വച്ചനം തന്നെയാണിത്.
---------------------------------
ഒരാള്‍ പറഞ്ഞത് 'തെറി'യാണെന്ന് അറിയാത്ത ഒരു ബാല്യമായിരുന്നു എന്‍റെതെന്ന് ഇപ്പോള്‍ കൌതുകത്തോടെ ഓര്‍ക്കുന്നു. എനിക്കിന്ന് അറിയാവുന്ന 'തെറി'-യൊക്കെ ഞാന്‍ പിന്നീട് 'പ്രൈവറ്റ്' ആയി പഠിച്ചെടുത്തതാണ് ...!