ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ സിനിമക്കുള്ള അവാര്‍ഡ് റോഷന്റെ "ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രത്തിന് കിട്ടി എന്ന് അറിഞ്ഞപ്പോള്‍ - റോഷന്‍ ആ സന്തോഷം വിളിച്ചു പങ്ക് വെച്ചപ്പോള്‍ - എനിക്ക് പെട്ടന്ന് ഓര്‍മ്മ വന്നത് ഞാന്‍ പഠിച്ച കലാലയവും - അന്നത്തെ കുറെ ഓര്‍മ്മകളുമാണ് ..........
എന്തിനും , ഏതിനും ശുഭാപ്തി വിശ്വാസം വേണമെന്നും - വാശിയും determination -ഉം ഒരു വിജയത്തിന് പിന്നില്‍ എത്ര വലിയ ഉര്‍ജ്ജമാണ് എന്നത് റോഷന്റെ എന്നിക്ക് നേരിട്ടു അറിയാവുന്ന ചില അനുഭവങ്ങള്‍ തെളിയിച്ചതാണ് .
ഞാന്‍ കൊച്ചിന്‍ കോളേജില്‍ രാഷ്ട്രിയം തലയ്ക്കു പിടിച്ചു നടന്നിരുന്ന ഒരു കാലം .......
എന്‍റെ ഓര്‍മകള്‍ക്ക് മറവിയുടെ ക്ലാവ് പിടിച്ചു തുടങ്ങിയട്ടില്ല എന്നാണ് ഇപ്പോഴും എന്‍റെ വിശ്വാസം -ഒരു ഒക്ടോബര്‍ മാസത്തിലെ ഉച്ചക്ക് - ലഞ്ച്-ബ്രേക്ക് കഴിഞ്ഞ് പിറ്റേന്ന് തീരുമാനിക്കപെട്ട ഒരു സമരത്തിന്‍റെ അവസാന ചര്‍ച്ചകള്‍ നടക്കുകയായിരുന്നു -
ക്യാമ്പസ്‌ലെ സൈക്കിള്‍ സ്റ്ണ്ടിനോട് ചേര്‍ന്ന വലിയ മരച്ചുവട്ടില്‍ . seniors ആയ (പേര് പറഞ്ഞാല്‍ അവരില്‍ ആരെയെങ്കിലും വിട്ട് പോകുമോ എന്ന് കരുതി പറയുന്നില്ല) സുഹൃത്തുക്കള്‍ ഉണ്ട്- സമ പ്രായക്കാറുണ്ട് - ചില പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനിടയില്‍ - മനോജ് (ഇപ്പോള്‍ റോഷന്‍റെ സഹസംവിധയകനാണ് ) ഒരു പുതുമുഖത്തിനെ പരിച്ചയപെടുത്തി- 'ഇതു എന്‍റെ വളരെ അടുത്ത ഒരു ഫ്രണ്ട് 'റോഷന്‍' ...'
സത്യത്തില്‍ രാഷ്ട്രിയ പ്രത്യെയശാസ്ത്രപരമായി ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വെത്യാസം ഉണ്ട്ടയിരുന്നുവെങ്കിലും - ഞങ്ങള്‍ വളരെ പെട്ടന്ന് സുഹൃത്തുക്കളായി. ഏതാണ്ട് ഒരേ പോലെ ചിന്തിക്കുന്ന മനസ്സുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു ഇരുവരും തിരിച്ചറിഞ്ഞു. നാടകം, സിനിമ, കഥ കവിത, അഭിനയം എന്നുവേണ്ട - എന്നിലെ രാഷ്ട്രിയക്കാരന് പിന്നില്‍ മറഞ്ഞു കിടക്കുന്ന -അല്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ മൂടിവെച്ച പലതും റോഷനെ പരിചയപെട്ടത്തിനു ശേഷം പൊടിതട്ടി എടുക്കപെട്ടു എന്നു പറയുന്നതാവും സത്യം.
പ്രീഡിഗ്രി കാലത്ത് ഒരു സംഭവം പെട്ടന്ന് ഓര്‍മ്മ വന്നു-
അന്ന് രണ്ടാം വര്‍ഷ പരിക്ഷ നടക്കുന്നു- പരീക്ഷ എഴുതാന്‍ വരുന്ന വഴി ഒരു വീട്ടില്‍ മമ്മുട്ടി ചിത്രമായ 'കിഴക്കന്‍ പത്രോസ്'ന്‍റെ ഷൂട്ടിംഗ് നടക്കുന്നു - പാതിവഴി വരെ ഉണ്ടായിരുന്ന റോഷനെ പെട്ടന്ന് കാണാതായി. പരീക്ഷ തുടങ്ങാന്‍ അതികം സമയവുമില്ല ..........അന്വേഷണത്തിനൊടുവില്‍ അറിഞ്ഞത് -ഷൂട്ട് നടക്കുന്ന സ്ഥലത്ത് -ഒരു മതിലിനു മുകളില്‍ കയറി ഇരുന്നു 'കക്ഷി' ഷൂട്ടിംഗ് കാണുകയാണ്.
സിനിമയുടെ വര്‍ണ്ണപകിട്ടോ - താര ആരാധനയോ അല്ല, മറിച്ച് അന്ന് വൈകുന്നേരം കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് അതിന്‍റെ സാങ്കേതിക വശങ്ങളും - അഭിനയ സാദ്യതകളെപറ്റിയും ആയിരുന്നു . പരീക്ഷ എഴുതാതെ , ഒരു വര്‍ഷം കളയുന്നതിനെപറ്റി ഒരു അഭിപ്രായ വെത്യാസം ഞാന്‍ പറഞ്ഞപ്പോള്‍ - അവന്‍ വാചാലനായി . അന്ന് ഞാന്‍ മനസിലാക്കി - ആ മനസ്സ് നിറയെ ഒരു പരിപൂര്‍ണ കലാകാരന്റെതാണെന്ന്.....അവിടെ മറ്റൊന്നിനും ഒരു സ്ഥാനം ഇല്ലായിരുന്നു.
പിന്നീടു പല വട്ടം- കോളേജ് നാടകങ്ങളില്‍, (നാടക rehersal വീട്ടില്‍ എന്‍റെ മുകളിലെ മുറിയില്‍ ആയിരുന്നു)- ഇരവാന്‍ , ഇവിടെ സ്വര്‍ഗ്ഗമാണ് (അന്ന് കളിച്ച ഒരു നാടകത്തിന്റെ ടൈറ്റില്‍ പിന്നിട് സിനിമയില്‍ ഉപയോഗിച്ചു) .......ഏകാങ്കനാടകമായി ക്ഷണ്നിക്കപെട്ട ചെറിയ ഒരു സദസിനു മുന്‍പില്‍ അവതരിപ്പിച്ച 'ലങ്ക ലക്ഷ്മി' - അങ്ങനെ നല്ല കുറെ ദിവസങ്ങള്‍ ......
അന്ന് ഞാന്‍ എന്തു കുത്തികുറിച്ചാലും അത് ആദ്യം വായിച്ചു അഭിപ്രായവും പ്രോത്സാഹനവും തന്നിരുന്ന കൂട്ടുകാരില്‍ റോഷന്‍ ഉണ്ടായിരുന്നു-
സാബു, അനില്‍ കൂടിയെടത്, വിനയ്, വേണു, അനില്‍ പടിഞ്ഞാറയില്‍, ജയന്‍, ചേട്ടായി മനോജ്, ഷിരിഷ്, ബ്രിജേഷ്, വിനില്‍ , ശിവകുമാര്‍, സുമരായ്, അജോയ് എന്നിവരെ പ്രത്യകം ഓര്‍ക്കാന്‍ കാരണം - റോഷന്റെ ഈ ആദ്യ ചുവടുവെപ്പില്‍ ഇവര്‍ എല്ലാം ഒരു പങ്ക് വഹിച്ചിരുന്നു .
ഞാന്‍ 'തിരക്കഥ' എന്നു പറയാവുന്ന പോലെ ഒരു ശൈലിയില്‍ എഴുതിയ അന്നത്തെ കഥകളാണ് റോഷന്‍ ആദ്യമായി വായിച്ചു തുടങ്ങിയത് എന്നുള്ളത് എന്നും എന്‍റെ ഒരു സ്വകര്യ അഹങ്കാരമായിരിക്കും....
അതില്‍ വേണ്ട മാറ്റങള്‍ , തിരുത്തലുകള്‍- ഇതെല്ലാം ചെയ്തിരുന്നവര്‍ റോഷന്‍റെ ഒപ്പം ഈ കൂട്ടുകാരായിരുന്നു ...(സര്‍വ്വേശ്വര ന്‍റെ കടാക്ഷം കൊണ്ട്
ഇന്ന് ഇവര്‍ എല്ലാവരും പല നിലകളില്‍ ജീവിതത്തെ കരുപ്പിടിപ്പിച്ചു കൊണ്ട് സസന്തോഷം ലോകത്തിന്‍റെ പല ഭാഗത്തും ജീവിക്കുന്നു - ഇപ്പോഴും ഞങ്ങള്‍ പലപ്പോഴും ഒത്തു കൂടാറുണ്ട് -അതെ പഴയ സ്നേഹവും പരിഭവങ്ങളുമായി....)
അങ്ങനെ എപ്പോഴോ സിനിമ എന്ന ആശയം ഞങളുടെ മനസ്സില്‍ കയറി.
സ്വാഭാവികമായി ആദ്യ പടി എന്നോണം 'tele film ' ആയിരുന്നു മനസില്‍ . കൈയ്യില്‍ പത്തു പൈസയില്ല- പക്ഷെ തുടക്കമിട്ടു എന്നു പറയുമ്പോള്‍ -ഇപ്പോള്‍ ആ മൂടത്വം ഓര്‍ത്തു ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല.
അടുത്ത ഒരു ചങ്ങാതിയായ ജോസഫ് വയലാറ്റിന്റെ കൈയ്യില്‍ ഒരു പഴയ ഹാന്ടി ക്യാമറ ഉണ്ടെന്നറിഞ്ഞ് അത് സഘടിപ്പിക്കലായിരുന്നു ആദ്യ പടി - മറ്റു സാങ്കേതിക വശങ്ങളെ എങ്ങനെ ചെലവ് കുറഞ്ഞു നേരിടാം എന്നു ഞങള്‍ തലപുകഞ്ഞു ആലോചിച്ചു - lighting , എഡിറ്റിംഗ് , dubbing , എന്നു വേണ്ട എല്ലാത്തിനും വളരെ ലളിതമായ പോംവഴികള്‍ ഞങള്‍ കണ്ടെത്തി (ട്രോളി ഷോട്ട് എടുക്കാന്‍ ട്രോളി ഉണ്ടാക്കാന്‍ ഒരു കൂട്‌കാരന്റെ വര്‍ക്ക്‌ഷോപ്പില്‍ സ്കേട്ച് ഇട്ടു കൊടുത്തു ...!)
അന്നത്തെ ആശയത്തിന് എല്ലാവരും കൂട്ട് ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്ങിലും -ഏതാണ്ട് ഇങ്ങനെയായിരുന്നു അതിന്‍റെ രൂപം- ഞാന്‍ തിരക്കഥയും സംവിധാനവും - റോഷന്‍ , അനില്‍ കൂടിയെടത്തു പിന്നെ മറ്റു ചില സുഹൃത്തുക്കള്‍ എന്നിവര്‍ അഭിനയിക്കുന്നു - സാബു , ചേട്ടായി മനോജ് പിന്നെ മറ്റു കൂട്ടുകാര്‍ ഇതിന്‍റെ സാമ്പത്തികവും സാങ്കേതികവുമായ സപ്പോര്‍ട്ട്.....
ക്യാമറ ഉള്ളത് കൊണ്ട് - ഉള്ള സൌകര്യങ്ങള്‍ വെച്ചു ഷൂട്ടിംഗ് എന്ന 'സംഭവം' തുടങ്ങി-
എന്‍റെ മുറി തന്നെ ഒരു പ്രധാന location .
പിന്നെ പാലസ് റോഡിലെ തിരക്ക് പിടിച്ച വഴികളില്‍ ആരും കാണാതെ ക്യാമറയുമായി ഏതെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ ഞാന്‍ നിലയുറപ്പിക്കും. പിന്നെ റോഷന്റെ അഭിനയമാണ് - അത് പോലെ തന്നെ അനിലും .....
ഞാനും റോഷനും കഥയും, മനസിലെ ആശയങ്ങളും പങ്ക് വെച്ചിരുന്നതായ ഒരുപടിടങ്ങളുണ്ട് കൊച്ചിയില്‍ ....
പക്ഷെ ഓര്‍മ്മകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്, എന്‍റെ വീടിനോട് ചേര്‍ന്ന ഒരു അരമതിലും (അത് ഇന്നില്ല-പൊളിച്ചു പുതിയത് പണിതു) .പിന്നെ ഫോര്‍ട്ട് കൊച്ചി ബീച്ചിലെ വാസ്കോ square - ഉം , ഡച്ച് സെമെട്ര്യോടു ചേര്‍ന്ന കരിങ്കല്‍ തട്ടുമാണ്.........ഞങ്ങള്‍ അവിടെ മണികൂറുകള്‍...ചിലപ്പോള്‍ ദിവസം മുഴുവന്‍ സംസാരിച്ചിരിക്കും ........കഥ, സംഭാഷണം , കഥാപാത്രങ്ങള്‍ , location , ഷൂട്ട് ചൈയ്യുന്ന ആംഗിള്‍ - എന്ന് വേണ്ട എല്ലാം ..എല്ലാം...........സിനിമ .....സിനിമ .....സിനിമ.........അത് മാത്രമായിരുന്ന വിഷയം എന്ന് മാത്രം.
( ഞാന്‍ പിന്നീടു ഓര്‍മ്മിപ്പിക്കാന്‍ ശ്രമിചിട്ടില്ലെങ്ങിലും , അന്ന് ഞാന്‍ പറഞ്ഞു ' ഒരു നടനെക്കള്‍ നിന്നില്‍ ഒരു സംവിധായകന്‍ ഒളിഞ്ഞു കിടക്കുന്നുണ്ടട' -എന്ന്. അവന്‍ അത് പിന്നീട് സ്വയം പാകപെടുത്തി-സ്വന്തം അദ്വാനത്തില്‍ , determination എന്ന തകര്‍ക്കാന്‍ പറ്റാത്ത ഉര്‍ജവ്വുമായി കണ്ടെത്തിയെങ്കിലും, സ്വകാര്യമായി മനസില്‍ ഞാന്‍ അങ്ങനെ പറയാന്‍ സാധിച്ച ആ നിമിഷത്തെ ഇപ്പോഴും എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായി സ്മരിക്കുന്നു. )
ആ സംരംഭം പാതി വഴിയില്‍ നിന്നു- ബാലിശമായ ഒരു എടുത്തു ചാട്ടമായിരുന്നു അത്-
പിന്നിട് വളരെ ഗൌരവത്തോടെ സിനിമയെ അവനെകള്‍ മുന്‍പ് കുറച്ചു കാലം ഞാന്‍ കൊണ്ട് നടനെങ്കിലും - ചില മുറിപ്പാടുകളും , അനുഭവങ്ങള്‍ വൃണപ്പെടുത്തിയ സംഭവങ്ങളും എന്നെ ഒരു പരാജിതനോ - ഭീരുവോ -എന്തോക്കയോ ഒക്കെ ആക്കി . സ്വന്തം അദ്വനവും ആശയവും വിശ്വസിച്ച് ഏല്‍പിച്ച സഹപ്രവര്‍ത്തകന്‍ - അത് സ്വന്തം സൃഷ്ടിയായി അവതരിപിച്ചപ്പോള്‍ -വെറും നോക്ക്കുത്തിയായി നിന്നപ്പോള്‍ ഞാന്‍ തിരിഞ്ഞോടിയത് എന്‍റെ പരാജയം തന്നെ- ജീവിതം കരുപിടിപ്പിക്കാന്‍ ഉള്ള വെഗ്രതയില്‍ ഞാന്‍ പാതി വഴിയില്‍ സിനിമയെ ഉപേക്ഷിച്ചു-
പക്ഷെ റോഷന്‍ പിന്നെയും പട വെട്ടി - നീണ്ട 10 -12 വര്‍ഷം - tele -film , സീരിയല്‍, ഒടുവില്‍ ഒരു ജേതാവായി തന്‍റെ ആദ്യ സിനിമ 'ഉദയനാണു താരം'
പിന്നീടുള്ള കഥകള്‍ ഏല്ലാവര്‍ക്കും അറിയാം.....
അങ്ങനെ മലയാള സിനിമയ്ക്കു ഒരു പുതിയ സംവിധായകനെ കിട്ടി, കഴിവും തന്റ്റെടവുമുള്ള ഒരു കരുത്തുള്ള സംവിധായകനെ .....!
ഉദയനാണു താരം' - release ചെയ്യ്യുമ്പോള്‍ റോഷന് ഒരു ആഗ്രഹം പറഞ്ഞു- ആദ്യ ദിവസം - ആദ്യ ഷോ -പറ്റാവുന്നത്രെ സുഹൃത്തുക്കള്‍ ഉണ്ടാവണം കൂടെ ഇരുന്ന കാണാന്‍...........അങ്ങനെ അന്ന് പ്രേക്ഷകനായി ആദ്യ ഷോ കാണുമ്പോള്‍ , സ്ക്രീനില്‍ 'റോഷന്‍ ആണ്ട്രൂസ് ' എന്ന് എഴുതി കാണിക്കുമ്പോള്‍ ഉയര്‍ന്ന ആദ്യ കൈയ്യടിയുടെ ഭാഗമാവാന്‍ എനിക്ക് സാധിച്ചു .....ഒരു മിടുക്കനെ മലയാള സിനിമയില്ലേക്ക് കൊണ്ട് വരന്‍ വളരെ ചെറുതെങ്ങിലും ...ഒരു കാരണമായത്തിന്റെ സന്തോഷത്തില്‍ സിനിമ കാണുമ്പോള്‍.....അതിലെ പല രംഗങ്ങളും ഞങള്‍ ജീവിതത്തില്‍ നേരിട്ടു അനുഭവിച്ച കാര്യങ്ങള്‍ ആയിരുന്നു ........പല രംഗങ്ങളും പകര്‍പ്പുകള്‍ തന്നെയായിരുന്നു .......ഒരു ഓര്‍മ്മപെടുത്തല്‍ പോലെ, ഞങള്‍ അന്നുള്ള സുഹൃത്തുക്കള്‍ പലരും .......ഞങ്ങളുടെ ഇന്നലെകള്‍ ...........
ഒരു നല്ല കൂട്ടുകാരന്‍റെ - 'നിങ്ങളെ ഞാന്‍ ഓര്‍ക്കുന്നു എന്ന് പറഞ്ഞ്' ഒരു കയ്യൊപ്പ് പോലെ ......!
വാല്‍കഷ്ണം -
ഉദയനാണു താരത്തിന്‍റെ തുടക്കം കുറുച്ച് ആവലാതികള്‍ നിറഞ്ഞ സമയത്ത്- ജീവിതത്തിന്‍റെ വികൃതമായ മുഖത്തിന് മുന്‍പില്‍ , അവന്‍ ഒരു നിമിഷം പകച്ചു നിന്ന ഒരു കാലത്ത് ഞാന്‍ നാട്ടില്‍ ലീവിന് പോയപ്പോള്‍ റോഷനെ കണ്ടു.
അന്നവന്‍ എന്നോട് പറഞ്ഞു: 'ഈ പ്രൊജക്റ്റ് നടന്നില്ലെങ്ങില്‍ എന്നിക്ക് ഇനി നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ല.'
ഞാന്‍ സമാധാനിപ്പിച്ചു ' അങ്ങനെ ഒരു അവസരം വന്നാല്‍ നിനക്ക് ഞാന്‍ വല്ല ജോലിയും കണ്ടെത്തി - വിസ അയച്ചു തരാം....'
അങ്ങനെ ഒരു പാതകം ഞാന്‍ അന്ന് ചെയയ്യ്തിരുന്നെങ്ങില്‍-
ദൈവഹിതം നമുക്ക് അറിയില്ലാലോ , അല്ലെങ്കില്‍ ഇങ്ങനെ ഒരു വിഡ്ഢിത്തം ഞാന്‍ ചെയ്തു പോകില്ലായിരുന്നോ ...???!!