Monday 14 October 2013

ഇന്ന് വിദ്യാരംഭം.!



ഇന്ന് വിദ്യാരംഭം.!
കുറെയേറെ വർഷങ്ങൽക്ക് ശേഷം... ഇന്ന് എന്റെ കൊച്ചിയിൽ, അമ്മക്കൊപ്പം. അങ്ങനെ തോന്നി, ഈ പ്രാവശ്യം ഇവിടെവേണം-എല്ലാ തിരക്കുകൾക്കും സുല്ല് പറഞ്ഞ്, എല്ലാ മാറപ്പുകളും ഇറക്കിവെച്ച്, തനിച്ച്, ഒരുപ്പാട് പിന്നോട്ട് നടക്കാൻ. 

ഉണർന്നൊരുങ്ങി പഴന്നൂർ ഭഗവതിക്ഷേത്രത്തിലും, പള്ളിയറക്കവമ്മയുടെ നടക്കിലും, വിട്ടോബാ മന്ദിറിലുമൊക്കെ തൊഴുതു നിൽക്കുമ്പോൾ..നാവിൻ തുമ്പിലെ ആദ്യക്ഷരംക്കുറിച്ചതിന്റെ അങ്കലാപ്പിലൊ, ഗുരുതിതീർഥത്തിന്റെ നേരിയ എരുവിന്റെ അസ്വസ്ഥതിയിലൊക്കെയാവണം കുരുന്നുകൾ പലരും, മിഴികളിൽ ധാരയായി ഒഴുകുന്ന ഉപ്പുരസം ഇടക്ക് ചുണ്ടോടടുക്കുമ്പോൾ നുണയുന്നതിലെ കുസൃതിയുമൊക്കെ നോക്കി നിന്നു, കുറച്ച് നേരം.

ഇതൊരു തുടക്കമല്ലെ, സ്കൂൾ ബാഗിൽ തുടങ്ങുന്ന മാറാപ്പ്..പിന്നങ്ങോട്ട്, കളിയും ചിരിയും നിഷ്കളങ്കതയും പയ്യെപയ്യെ കൈയ്യമോശം വരുന്നതിന്റെ തുടക്കം. 
കരയട്ടെ, അവർ അറിയാതെയെങ്കിലും കരയുന്ന ഈ കണ്ണീരിനു ഒരുപ്പാട് വിലയുണ്ട്..!

എന്നും ഒരു ദൈവീകതയേക്കാൾ എനിക്കനുഭവപ്പെട്ട് 'ഗുരുതുല്യമോ' അതുപോലെയെന്തൊ ഒന്നായിരുന്ന 'കൂനൻ കുരിശ്ശു മുത്തപ്പന്റെ' നടക്കിലും നിന്നു കുറച്ച് നേരം. 

മടങ്ങുമ്പോൾ, ഞാൻ കടന്നു പോയ കെട്ടിടത്തിന്റെ പഴക്കത്തിന്റെ ഭംഗി, അവിടെ ഞാൻ സ്വരുക്കൂട്ടിയ ആർജ്ജവം, ആയുസ്സിലെ ഏറ്റവും മനോഹരങ്ങളായി, ഇന്നും നാവിൽ മധുരതരമായി നിലകൊള്ളുന്ന, ഇവിടെ ഉരുവിട്ട് കേട്ട ബാലപാഠങ്ങൾ, എന്റെ വിദ്യാലയം.....ശ്രീ. കൊച്ചിൻ ഗുജറാത്തി വിദ്യാലയം.,

കുറേ നേരം അവിടെതന്നെ നിന്നു...എനിക്ക് ഭാരംകുറയുന്ന പോലെ തോന്നി.  ബെഞ്ചിലെ പച്ചമരത്തിന്റെ ആ ഗന്ധം അനുഭവപ്പെടുന്നുവോ..? ചോക്ക്പൊടിയുടെ വാസന എന്റെയുള്ളിൽ ഒരു 'പരീക്ഷപേടിയുടെ' ആന്തൽ വരുത്തന്നപോലെ..മരത്തിന്റെ ഗോവണിപ്പടികളിൽ ഒച്ചവെച്ചിറങ്ങുന്ന ശബ്ദങ്ങൾ..എത്രയെത്ര കാൽപ്പാടുകൾ പതിച്ച ആ മണലിൽ, അവിടെയിപ്പൊഴും ആ ആൽമരമുണ്ട്.  ഏറെ വെറുക്കുന്നതും അത്രതെന്നെ സ്നേഹിച്ചിരുന്നതും ആ 'മണി'- അതും അവിടുണ്ട്. 
ഞാൻ തേങ്ങുന്നുണ്ടൊ..??

എന്നെ ഞാനാക്കിയ ഈ ഓർമ്മകൾ..എന്നും കൂടെയുള്ള അമ്മത്തം പോലെ. ഇവിടുന്ന് നാവിൽ തൊട്ട് ഭാഷയും അറിവിന്റെ രുചിയിലും നിന്ന് തുടക്കം കുറിച്ചതല്ലെ ഞാൻ.
കളിപ്പാട്ടങ്ങളെക്കാൾ പിന്നീടുതുകുക പുസ്തകങ്ങളെന്ന് വിശ്വസിപ്പിച്ച ഗുരുക്കൻമാർ, ആത്മാർഥമായ സ്നേഹം തന്ന കൂട്ടുക്കാർ, ഞാൻ അർഹിക്കുന്നോ ആ 'സ്നേഹം'..? 

ഈ സ്വകാര്യതയിലും, ഈ വരികൾ ധ്യാനിച്ച് കുത്തിക്കുറിക്കുമ്പോൾ, 'എഴുതുന്നതൊന്നും പാഴായി പോകില്ലെന്നു' നാലാം ക്ലാസിൽ കഥയെഴുത്തിൽ ഒന്നാം സമ്മാനം തരുമ്പോൾ, ശിരസ്സിൽ അനുഗ്രഹിച്ച് ആശിർവദിച്ച 'മാധവൻ മാഷി'നെ ആ ഇടനാഴിയിൽ ഒരു മിന്നായം പോലെ ഞാൻ കണ്ടോ..?
എന്ത് ചെയ്യുമ്പോഴും, എത്ര ചെറുതെങ്കിലും, ഓരൊ വളർച്ചയിലും- തുടങ്ങും മുൻപ്പും ശേഷവും ചെരിപ്പും, അഹന്തയും, ബുദ്ധിനാട്യങ്ങളും പുറത്തഴിച്ചുവെക്കുകയെന്ന പഠിച്ചതിവിടുന്നല്ലെ..?

പ്രശാന്തപുലരികളെയും, പ്രക്ഷുബദ്ധ പാതിരാവുകളെയും, ഏകാന്തചതുപ്പുകളെയും, അപ്രാപ്യമായ ചെങ്കുത്തായ് കയറ്റങ്ങളെയും, പാതികരിഞ്ഞ പുൽമേടുകളേയും കണ്ട്, അതിവേഗത്തിൽ മൃഗമോ യന്ത്രമോ ആയി മാറുന്ന ആധുനിക ഗ്രാഫിക്ക്സ്സ്, ജീവിതത്തിലും ചുറ്റുമുള്ളവരിൽ കണ്ട് പകച്ചു നിൽക്കുംമ്പോഴും തളരാതെ പതറാതെപോവാൻ പഠിപ്പിച്ചതിവിടെയല്ലെ..?
ജീവിതത്തിലെ ഓരോ യാത്രകളും ധ്യാനങ്ങളാക്കണമെന്നും, ഇരുട്ടിലൂടെ നടക്കുമ്പാൾ കണ്ണടച്ച് നടക്കണമെന്നും, നദി കടക്കുമ്പോൾ നാം ഒരു നദിയായ് മാറി, മാറാപ്പും ചങ്ങാടവും ഉപേക്ഷിക്കുവാനും പഠിച്ചതിവിടുന്നല്ലെ..?

ഒഴിഞ്ഞുകിടക്കുന്ന സ്കൂളിൽ നിന്നും തിരിഞ്ഞു നടക്കുമ്പോൾ, മനസ്സ് ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു-പുറത്തേക്ക് കേട്ടിരുന്നില്ലെങ്കിലും.

ഇവിടുന്ന്  ലഭിച്ചതിൽ നഷ്ട്ടപെട്ടതെന്തൊക്കെയെന്ന് ചിന്തിച്ചപ്പോൾ, ഒരു പഴയെ കഥ ഓർമ്മ വന്നു.  അലഞ്ഞൂനടന്ന ഒരാൾ കടത്തിണ്ണയിൽ നീണ്ട മയക്കത്തിലേക്ക് വഴുതിവീണപ്പൊൾ, അയാളുടെ മാറാപ്പു പരിശോധിച്ച നിയമപാലകർക്ക്, പല കാലങ്ങളിലെ കളിപ്പാട്ടങ്ങളെയും പാവക്കുട്ടികളെയും അതിനുള്ളില്‍ക്കണ്ട് കണ്ണൂ നിറഞ്ഞുവത്രേ.
അപ്പോഴും, അവൻ പേറുന്ന മാറാപ്പിൽ 'ഭാരമില്ലാ'തിരുന്നത്,
അതിനു മാത്രം!