ഒരേ സമയം വ്യത്യസ്ത രംഗങ്ങളിൽ പ്രസരിച്ച, എന്നാൽ എല്ലാ മേഖലകളിലും വിസ്മൃതരാവുക എന്ന ദൗർഭാഗ്യം പേറുന്ന ബഹുമുഖപ്രതിഭകൾ ഏറെയുണ്ട്.
അവർ ജീവിച്ചതും,
വ്യവഹരിച്ചതുമൊക്കെ ഒരുപാട് കാര്യങ്ങളിൽ- അവർ ഓർക്കാൻ എക്കാലത്തേക്കും
ചില അമൂല്യങ്ങൾ നമുക്കേകി കാലയവനികയിലേക്ക് മറഞ്ഞു. നമ്മൾ അവരുടെ ആ അമൂല്യതകളെ മനസ്സിൽ സൂക്ഷിക്കുന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ മനോരമയിലെ ഷാജൻ മാത്യുവിന്റെ ഓർമ്മപ്പെടുത്തലാവാം ഇന്നു,
ഈ ബലിപെരുന്നാൾ ദിവസം അതിന്റെ എല്ലാ പുണ്യവുമായി എത്തുന്ന ഈ ഗാനശകലം കേൾക്കാനിടയായപ്പോൾ, ഓർമ്മകളിൽ കെ. എച്ച്. ഖാൻ സാഹിബ് ഒരിക്കൽക്കൂടി തെളിഞ്ഞുവന്നത്...
ഈ ഗാനം കേൾക്കാത്ത മലയാളികൾ കുറവാണെങ്കിലും, മലയാളിയുടെ ഓർമ്മകളിൽ പോലുമ്മിലാത്ത ഈ പ്രതിഭ....
ഷാജൻ മാത്യുവിന്റെ ഓർമ്മപെടുത്തലിനു നന്ദി പറഞ്ഞുകൊണ്ട്, വയനാടൻ ചുരം കയറി തുടങ്ങാം....
നിലമ്പൂരുക്കാർക്ക്, ഇന്നത്തെ തലമുറക്ക്, ഖാൻ എസ്റ്റേറ്റിന്റെ
ഉടയോൻ എന്ന നിലക്ക് പഴമക്കാർ പറഞ്ഞ അറിവുണ്ടാവും ഇദ്ദേഹത്തെ......
ഒരു പക്ഷെ രാഷ്ട്രീയക്കാരൻ എന്ന നിലക്ക് ചിലരെങ്കിലും
അദ്ദേഹത്തെ ഓർക്കുന്നുണ്ടാവും.... മുൻ മുഖ്യമന്ത്രി
സി. എച്ച്. മുഹമ്മദ് കോയയുടെ ആത്മസ്നേഹിതനെന്ന നിലക്ക്. 1970ൽ കാഞ്ഞിരപള്ളിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട
യു.ഡി.എഫ് സ്ഥാനാർഥിയെന്ന ഓർമ്മയുണ്ടെങ്കിൽ....
ന്യൂജെൻ സിനിമാ കൂണുകൾ ഇദ്ദേഹത്തെ ഓർക്കാൻ സാധ്യതയില്ല...
കൃഷ്ണ ഹരേ മൂവീസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമസ്ഥൻ, കേരള ഫിലിം ചേബറിന്റെ പ്രസിഡെന്റ്, സൗത്ത് ഇന്ത്യൻ ഫിലിം ചേബറിന്റെ
വൈസ് പ്രസിഡെന്റ് ഒക്കെയായിരുന്ന വ്യക്തി എന്ന നിലക്ക് അവർ ഒട്ടും ആറിയാനിടയില്ല.
കമലഹാസൻ അഭിനയിച്ച ' അഷ്ടമംഗല്യം', സോമന്റെ സൂപർ ഹിറ്റ് ചിത്രം 'ഹർഷബാഷ്പം', മോഹൻലാൽ അഭിനയിച്ച 'ഒപ്പം ഒപ്പത്തിനൊപ്പം' 'അധ്യായം ഒന്നു മുതൽ', മമ്മുട്ടിയുടെ 'ആയിരം അഭിലാഷങ്ങൾ' എന്നീ കരിയറിലെ കുതിപ്പുകാലത്തിനു
തുടക്കം കുറിച്ച ചിത്രങ്ങൾ എന്നിവയുടെ നിർമ്മാതാവ്... അവസാനം നിർമ്മിച്ച ചിത്രമായ രാജസേനന്റെ
'അനിയൻബാവ,
ചേട്ടൻബാവ' യുടെ റിലീസിനു തലേന്നു- ജീവിത
ഫ്രെയിം നിശ്ചലമാക്കി, 72-ം വയസ്സിൽ ഈ ലോകത്തു നിന്നും
വിട പറഞ്ഞ കെ. എച്ച്. ഖാൻ സാഹിബ്.
ഇന്നലെകളിലെ സിനിമാക്കാരിൽ ചിലർക്ക്, തന്റെ പ്രിയപ്പെട്ട
മോറിസ് മൈനർ കാറിലെ കെ. എച്ച്. ഖാൻ സാഹിബിന്റെ വരവ് ഒരുപക്ഷെ ഓർമ്മയുണ്ടാവും.
അവരിൽ ചിലർ അദ്ദേഹത്തെക്കുറിച്ച് ഓർക്കുന്ന കൗതുകങ്ങളിൽ ഒന്ന് ഈ കാറും,അതിൽ എവിടെപോയാലും, ഏതു സമയത്തും കാറിൽ ഉണ്ടാവാറുള്ള ഐസ് നിറച്ച ഒരു ചീന ഭരണിയുമാണ്.
എന്തിനാണെന്നൊ...എവിടെ നല്ല മത്സ്യം കണ്ടാലും, വണ്ടി നിർത്തി, വാങ്ങി സൂക്ഷിക്കാൻ!
അത്രക്കുണ്ടായിരുന്നു മത്സ്യവിഭവങ്ങളോടുള്ള
ഇദ്ദേഹത്തിന്റെ പ്രിയം. കഴിക്കാനും, സുഹൃത്തുക്കളെകൊണ്ട് കഴിപ്പിക്കാനും.
ഇനി ഈ ബലിപെരുനാളിൽ, ഇങ്ങനെ ഒരു ഓർമ്മ പുതുക്കലിനു കാരണമായ
സംഭവങ്ങളിലേക്ക്....
1976 കാലം.
മനോരമ ആഴ്ച്ചപതിപ്പിൽ കാനം എഴുതിയ 'ഹർഷബാഷ്പം'
എന്ന നോവൽ വയനക്കാരിൽ നല്ല അഭിപ്രായമുണ്ടായപ്പോൾ, അതിലുള്ള സാധ്യത മനസ്സിലാക്കിയ ഖാൻ സായിബ്, അത് സിനിമായാക്കാൻ
തീരുമാനിച്ചു. കാനത്തിനെകൊണ്ട് തന്നെ തിരക്കഥയെഴുതി,
സംവിധാനം ഗോപികുമാറിനെയും ഏൽപ്പിക്കുന്നു. തിരക്കഥ ചർച്ചകളും എഴുത്തുമൊക്കെ തുടക്കമിട്ട്,
എല്ലാ സൗകര്യങ്ങളുമൊരുക്കിയ ശേഷം, ഖാൻ സാഹിബ് തന്റെ ഹജ് യാത്രക്ക് പുറപ്പെടുന്നു.
ഇനിയാണ് കാലത്തിന്റെ അദൃശ്യമായ ഇടപെടൽ.
ബലി പെരുന്നാളിനോട് ചേർന്ന ഹജ് തീർഥാടന കാലത്തിലെ ഒരു വൈകുന്നേരം.
മക്കയിലെ റോയൽ റസിഡൻസി ഹോട്ടലിലെ മുറിയിൽ നിന്ന്, പുറത്തെ സന്ധ്യാകാഴ്ചകൾ കണ്ടു നിൽക്കുകയാണ് ഖാൻ സാഹിബ്.
അദ്ദേഹത്തിന്റെ മനസ്സ് ശാന്തമാണ്...
ദൈവാനുഗ്രഹത്താൽ രണ്ടമത്തെ ഹജും ഇതാ പൂർത്തിയായിരിക്കുന്നു.
ഹറം പള്ളിയും പരിസരവും ഭക്തജനത്തിരക്കിൽ നിറഞ്ഞ് നിൽക്കുന്നു. അന്തരീക്ഷമാകെ അല്ലാഹുവിനോടുള്ള
പ്രാർഥനകളാൽ മുഖരിതം. അവിടെ അപ്പോൾ വീശിയിരുന്ന കാറ്റിൽ പോലും ആത്മീയത് അനുഭവിച്ചിരുന്ന
ആ പ്രശാന്തനിമിഷത്തിൽ ഒരു ഉൾവിളിപോലെ ചില വരികൾ ഖാൻസാഹിബിന്റെ ചുണ്ടിൽ.....പ്രതിരോദിക്കാനാവാത്ത
പ്രേരണ പോലെ,
കവിതയെക്കാൾ, ഒരു പ്രാർഥന പോലെ...!
അദ്ദേഹം ഉടനെ തന്റെ ഡയറിയെടുത്ത് അത് കുറിച്ചിടാൻ തുടങ്ങി-
'ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്ക മനസ്സിൽ നിൽപ്പു
ലക്ഷങ്ങൾ എത്തി, നമിക്കും മദീന
ആക്ഷയ ജ്യോതിസ്സിൻ പുണ്യഗേഹം
സഫാ-മാർവാ മലയുടെ ചൊട്ടിൽ
സഫല്യം നേടി തേടിയൊരെല്ലം......'
അന്നുവരെ കാര്യമായി ഒന്നും എഴുതാത്ത താൻ തന്നെയാണോ ഇത് എഴുതിയത് എന്ന സംശയം..??!!
എവിടെ നിന്നോ വീണ്ടും എഴുതാൻ പ്രേരണ.
ആറു വരികളുള്ള രണ്ടു ചരണം കൂടി എഴുതിയിട്ട് ഡയറി മടക്കിവെച്ചു.
നാട്ടിലെത്തി സിനിമയുടെ കാര്യങ്ങളുമായി വീണ്ടു സംവിധായകൻ ഗോപികുമാറിനെ കണ്ടപ്പോൾ
താൻ ഇങ്ങനെ കുത്തികുറിച്ച വരികൾ കാണിച്ചു.
വരികൾ വായിച്ച ഗോപികുമാർ പറഞ്ഞു: 'ഇത് കേവലം പാട്ടല്ല, ഒന്നാംതരം ഭക്തകവിതയാണ്, നമുക്കീ പാട്ട് ഉൾപ്പെടുത്താനായി
ഒരു രംഗം കൂടി അലോചിക്കാം.'
വരികൾ കണ്ടിട്ട് സംഗീതസംവിധായകൻ എം.കെ. അർജ്ജുനൻ മാഷിനും മറച്ച് ഒരു അഭിപ്രായമില്ലായിരുന്നു.
പാട്ടിന്റെ പിറവിയെപ്പറ്റി അദ്ദേഹം ഓർമ്മിക്കുന്നു-
ഒരു പുതിയ ഗാനരചയിതാവിന്റെ വരികളായി തോന്നിയതെയില്ല. ലക്ഷണമൊത്ത ഒരു കവിത തന്നെയായിരുന്നു
അത്, താളവും ഈണവുമൊക്കെയുള്ള, പ്രാസഭംഗിയുള്ള കവിത.
അതിനുള്ളിലെ സംഗീതം കണ്ടെത്തേണ്ട ജോലി ഇനി തനിക്കാണ്.
ആദ്യ വരി 'ആയിരം കാതമകലെയാണെങ്കിലും..' കേൾക്കുമ്പോൾ ആ അകലം കേൾവിക്കാരൻ
അനുഭവിക്കണം. എന്നാൽ 'മായാതെ മക്ക മനസ്സിൽ നിൽപ്പു' എന്നു പറയുമ്പോൾ നല്ല അടുപ്പം
തോന്നണം,
കാരണം മനസ്സ് നമുക്ക് ഉള്ളിൽ തന്നെയാണ്.
അങ്ങനെ അർജ്ജുനൻ മാഷ് ഈ അകലവും അടുപ്പവും ആദ്യവരിയിൽ തന്നെ അനുഭവിപ്പിക്കാൻ സാധിക്കുന്ന
ഒരു സംഗീതം തന്നെ ചിട്ടപ്പെടുത്തി-
ഉച്ചസ്ഥായിലെ തുടക്കത്തോടെ...
മദ്രാസിലെ എവിഎം-ൽ, ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വർഗ്ഗീയാലാപനത്തിൽ
ഈ ഗാനം അതിന്റെ പരിപൂർണതയിലെത്തി.
ചിത്രത്തിൽ ഈ ഗാനരംഗത്തിൽ അറബന മുട്ടി പാടുന്ന ഗായകന്റെ വേഷത്തിൽ അദ്ദേഹം തന്നെയാണ്
അഭിനയിച്ചതും.
സംഗീതത്തിനു വേണ്ടി ഒരു വള്ളിയോപുള്ളിയോ പോലും മാറ്റേണ്ടി വന്നില്ല, അത്രക്ക് മനോഹരമായിരുന്നു അതിന്റെ ഓരൊ വരികൾ.
അങ്ങനെ,
1977ൽ എക്കാലെത്തേയും ഇസ്ലാമിക സാന്ത്വന ഭക്തിഗാനമായ 'ആയിരം കാതമകലെയാണെങ്കിലും..' യേശുദാസിന്റെ ശബദത്തിൽ ലോകം
കേട്ടു.
ഈദ് അടയാളപ്പെടുത്താൻ ഇതിലും മികച്ച ഒരു ജനകീയ ഗാനം ഇന്നോളം പിറന്നിട്ടില്ലെന്നതിനു
കാലം സാക്ഷിയായി.
പാട്ട് പെട്ടന്നു തന്നെ സൂപ്പർ ഹിറ്റായി.
അക്കാലത്തും ഗാനമേളകളിലെല്ലാം ഈ പാട്ട് ആവശ്യപ്പെട്ടിരുന്നു, പ്രത്യേകിച്ചു ഗൾഫ് രാജ്യങ്ങളിൽ. കാരണം, വെറും 3 മിനിറ്റും 9
സെക്കൻഡുമുള്ള ഈ ഗാനം എല്ലാ മതസ്ഥരേയും ആകർഷിച്ചു. അത് ശ്രവിക്കുമ്പോൾ- അവർ അറിയാതെ ഹറം പള്ളിയും കാബയുമെല്ലാം കൺമുമ്പിലെന്ന പോലെ
അവർക്ക് ഈ ഗാനം അനുഭവപ്പെടുത്തി... '
തള്ളല്ലേ നീയെന്നേ തമ്പുരാനേ...'യെന്നു യേശുദാസ് പാടുമ്പോൾ, എല്ലാ മനസ്സിലും ആത്മീയതയുണർന്നു.
ഇന്നും ഈ തലമുറ, ഈ ഗാനത്തെ ഓർക്കുന്നു, പാടുന്നു,
പ്രിയ ഗാനങ്ങളിൽ ഒന്നായി മനസ്സിൽ സൂക്ഷിക്കുന്നു- ഇത് എഴുതിയ
ഖാൻ സാഹിബിനെ ഓർക്കുന്നില്ലെങ്കിൽ പോലും.
'ആയിരം കാതം അകലെയാണെങ്കിലും..' എഴുതാൻ വേണ്ടി തൂലികയെടുക്കാൻ വിധി നിയോഗിച്ച വ്യക്തിയെന്നു പോലും
തോന്നിപ്പിക്കുന്നു ഖാൻ സാബിലൂടെ, കാലവും, പിന്നെ ഈ ഗാനത്തിലൂടെയുള്ള ഓർമ്മയും.
ഓരോ വർഷവും മക്കത്തും മദീനയിലും സന്ദർശിക്കാൻ നിയോഗം ലഭിക്കുന്നവർ നമുക്കിടയിൽ
പലരുമുണ്ടാവാം,
എന്നാൽ ഈ ഗാനത്തിലൂടെ മലയാളികൾ ജാതിമതവ്യത്യാസമില്ലാതെ, എത്രയോ വട്ടം ആ
'അകഷയജ്യോതിസ്സിൽ പുണ്യഗേഹ'ത്തിലേക്ക് മനോസഞ്ചാരം നടത്തിയിരിക്കുന്നു, കരളിലെ കറ കഴുകുന്നു.
വിവിധ മേഖലകളിൽ കൗതുകങ്ങൾ തീർത്തെങ്കിലും ആ ജീവിത നിയോഗം ഈ ഗനത്തിന്റെ പിറവിക്കായിരുന്നു,
ഈ ഗാനത്തിന്റെ രചയിതാവ് എന്ന കയ്യൊപ്പ് ചാർത്താനായിരുന്നു.
അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുക്കട്ടെ- 'കാലപ്പഴക്കത്താൽ മായ്ക്കാൻ കഴിയാത്ത' പാട്ട്.!