Wednesday 8 July 2015

ഒരു 'സിനിമ നോട്ടീസ്'…'


ഒരു സമീപകാല ചിത്രത്തിന്റെ വലിയ വിജയത്തിന്റെ കഥയായിരുന്നു എല്ലായിടത്തും കുറച്ച് ദിവസം മുൻപ് വരെ. ഇപ്പോൾ അതിലേറെ ഉത്സവമായി ചർച്ച ചെയ്യുന്ന, അതിന്റെ വ്യാജ പ്രിന്റ്റിന്റെ കഥകൾ.
അതിനു പിന്നിൽ ആര്, എന്തിനു, എവിടുന്ന്......
എരിവും പുളിക്കും ഇനിയെന്തു വേണം വിളമ്പാൻ.

എന്തായാലും 'ആ ചിത്ര'ത്തിനു ഇങ്ങനെ ഒരു പരസ്യം ആവശ്യമില്ലെന്നു അത് ഈ വിവാദത്തിനു മുൻപ് തീയറ്ററുകൾ നിറച്ച കാഴ്ച്ചകൾ സാക്ഷി. 

ഈ മാധ്യാമാഘോഷങ്ങൾ കാണുമ്പോൾ ഓർമ്മ വന്നത് ചില പഴയ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളാണ്...
ഇന്നലെകളിൽ, സിനിമ കാണാൻ നമ്മളൊക്കെ പോയ ആ ഭൂതകാലത്തിന്റെ ഓർമ്മകൾ പങ്കിട്ട ഒരു സമാന മനസ്സ്, സംസാരത്തിനിടയിൽ വന്ന 'സിനമാ കോട്ടകളു'മൊക്കെ ഓർമ്മകളെ കൂടുതൽ തട്ടിയുണർത്തി....
പിന്നെ, മാധ്യമത്തിൽ പത്രപ്രവർത്തകനായ മലപ്പുറം ജില്ലയിലെ കരുവാരകൂണ്ടിൽ ശ്രീ. പി. സാക്കിർ ഹുസൈനിലെ സിനാമാപ്രേമി ഒരിക്കൽ പറഞ്ഞ 'തനിക്ക് എങ്ങിനെ തുടങ്ങി സിനിമയോടുള്ള പ്രണയമെന്ന' അദ്ദേഹത്തിന്റെ അനുഭവങ്ങളുമായി-എനിക്ക്, എന്റെ അനുഭവങ്ങളുമായുള്ള വലിയ സമാനതകൾ തോന്നിച്ചതുമൊക്കെ ഓർമ്മിക്കാൻ ഒരു കാരണമായി.

ആ കാലത്തും മലായാള സിനിമയിൽ നിന്നിരുന്നു കിടമത്സരങ്ങൾ, ഇതു പോലെയല്ലെങ്കിലും-
ചില കൗതുകമുണർത്തുന്ന ഓർമ്മകൾ....
ആ ഓർമ്മകൾക്കും.. സിനിമയോടുള്ള ഭ്രമത്തിനും എത്ര പഴക്കമുണ്ടാവും....????  

മലയാള സിനിമാ എന്നു പറഞ്ഞാൽ മനസ്സിന്റെ മോണിറ്ററിൽ, മാറിമാറി- ബ്ലാക്ക് & വൈറ്റിലും പിന്നീട് കളറിലും പതിപ്പിക്കുന്ന 'പ്രേംനസീർ' എന്ന സുന്ദര നിത്യഹരിത നായകന്റെ കാലത്തിനോളം സക്കീർ.
എന്റെ നാട്ടിലെ 'റോയൽ ടാക്കീസോ'ളം പഴക്കമുണ്ടാവും.......
ടാക്കീസ് ഉണ്ടായേടം മുതൽ അവിടെ നസീറു, ജയനും, സോമനും മധുവും, ജോസ്പ്രകാശും, ശങ്കരാടിയും ഭാസിയും, ബഹദൂറും, ഷീലയും, ജയഭാരതിയും, ശാരദയും, മീനയുമൊക്കെ സംസാരിച്ചിരിക്കണം... ഉണ്ടാവും.

എന്റെ ഓർമ്മയിൽ തന്നെ 'റോയൽ ടാക്കീസി'നു മുന്നിലൂടെ പോവുമ്പോൾ പുറത്തേക്ക് കേൾക്കുന്ന
ഡയലോഗിൽ നസീറിന്റെ ശോകസല്ലാപവും, ജയന്റെ പൗരുഷവും,
സ്റ്റണ്ട് സീനിലെ ത്രസിപ്പിക്കുന്ന ഇടിയുടെ ശബ്ദവും, 
ഒപ്പം ഉത്തേജിപ്പിക്കുന്ന സ്റ്റ്ണ്ട് പശ്ചാത്തലസംഗീതവും... ഒരുപക്ഷെ, ആ ബാല്യത്തിലെ ജിജ്ജാസയാവാം ഈ പ്രണയത്തിന്റെ തുടക്കം.

ബാല്യത്തിന്റെ കൗതുകത്തിലേക്ക് ഒരിക്കൽ ഒരു 'നോട്ടീസ്' പാറിവന്നു വീണതായുള്ള ഓർമ്മ.
ഇത്രയേറെ തിരക്കില്ലാത്ത അന്നത്തേ വഴിയിലൂടെ, സൈക്കിൾ ആഞ്ഞു ചവിട്ടിയെത്താറുള്ള കറുത്ത മെലിഞ്ഞ ആ മനുഷ്യൻ നീട്ടിയെറിഞ്ഞ ഒരു 'സിനിമ നോട്ടീസ്'. 

അയാൾ ആഞ്ഞു ചവിട്ടുമ്പോൾ, അയാളുടെ മുഖത്ത് ക്ഷീണമില്ലായിരുന്നു, ആഭിനിവേശമായിരുന്നു. അയാളും സിനിമയെ ഒരുപ്പാട് സ്നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു തരം ആവേശം.
അയാൾക്ക് അത് തൊഴിലായിരുന്നില്ല, ഒരു സാധനപോലെയായിരുന്നു. സിനിമയിൽ ഒന്നുമാവാതെ,
ഒരു മുട്ടുസൂച്ചി തുമ്പോളം പോലം അംഗികരിക്കാതെ പോവുന്ന, എന്നാൽ സിനിമയെ സ്നേഹിച്ച്, സിനിമക്ക് വേണ്ടി ജീവിച്ച, യാതൊന്നും ആഗ്രഹിക്കാതെ, ഒന്നും തന്നെ നേടാതെ ജീവിതം കളഞ്ഞ സിനിമയുടെ അറിയപ്പെടാത്ത പിന്നമ്പുറത്തെ ലക്ഷങ്ങളിലെ ഒരു മുഖം... 
അയാളുടെ കൂടി പരിശ്രമമായിരുന്നില്ലെ സിനിമയെ വളർത്തിയതും, മുന്നോട്ട് നയിച്ചതും. .???? 

അയാളുടെ സൈക്കിളിന്റെ  കരിയറിൽ വലിയ സിനിമാ പോസ്റ്റ്റുകൾ മടക്കിവെച്ചിരുന്നു.  ഹാന്റലിലെ ബക്കറ്റിൽ മൈദയും ചൂടുവെള്ളവും ചേർത്ത പശ പറ്റിപ്പിടിച്ചിരുന്നു. 

അയാൾ റോയൽ ടാക്കീസിനു അടുത്തുള്ള ഒരു മതിലിൽ 'ജയിക്കാനയി ജനിച്ചവൻ' എന്ന നസീർ ചിത്രത്തിന്റെ പോസ്റ്റർ പതിക്കുമ്പോൾ, ചുറ്റും കൂടിയിരുന്നവരിൽ ആരോ നോട്ടിസിലെ കഥാസാരവും അഭിനേതാക്കളുടെ വിവരങ്ങളും വായിക്കുന്നത് കേട്ടുനിൽക്കുമ്പോൾ മനസ്സ് ആ പ്രൊജക്ട്ടറിൽ നിന്നും പുറത്തേക്ക് വിടുന്ന വെളിച്ചത്തിനപ്പുറത്ത്, വെളുത്ത സ്ക്രീനിനു പിന്നിൽ- സത്യത്തിൽ നസീറും ഉമ്മറുമൊക്കെ ജീവിച്ചിരിപ്പുണ്ടെന്നു തന്നെ വിശ്വസിച്ചിരുന്ന ഒരു കാലം.

വെള്ളിയാഴ്ച്ചകൾ കാത്തിരുപ്പിന്റെതായിരുന്നു-
റിലീസ് ദിവസം...! 
ഇന്ന് നമ്മൾ ഒരു സിനിമക്കായും കാത്തിരിക്കുന്നില്ല. 

പ്രതീക്ഷയും കാത്തിരുപ്പും അന്ന സിനമക്കുണ്ടായിരുന്നു.
ജയന്റെ സിനിമ വരുന്നു, പ്രേംനസീറും ജയനും ഒരുമിച്ച് വെള്ളിത്തിര പങ്കിടുന്ന സിനിമ വരുന്നു, സോമനും സുകമാരനും മധുവും ഒരിമ്മിച്ചൊരു സിനിമ വരുന്നു...

അങ്ങനെ 'വരുന്നു' എന്ന വാക്കിനു, ആ കാത്തിരുപ്പിനും, അതിനെക്കുറിച്ചുള്ള മുൻവിധി ചർച്ചകളും അന്നൊക്കെ സജ്ജീവമായിരൂന്നു. 

സിനിമക്ക്പോക്ക് തന്നെ ഒരു ആഘാഷമായിരുന്നില്ലെ.  തലേന്നു രാത്രി ഉറക്കം വരില്ല- നാളെ തങ്ങളുടെ ഇഷ്ട്ട നായകനെയും നായികയേയും കാണാൻ പോവുന്ന ആകാംഷ-പിറ്റേന്നുള്ള  മാറ്റിനിയാവും മനസ്സ് മുഴുവൻ.

ഉറക്കമുണർന്നാൽ, തയ്യാറെടുപ്പാണ് പിന്നെ.
ഏതുടുപ്പിടണം, എത്രയും വേഗം ഉടുത്തൊരുങ്ങി അവിടെയെത്തണം- ടിക്കറ്റ് കിട്ടാതെ മടങ്ങുക മരിക്കുന്നതിനു തുല്യമാണ്.
അന്ന് ഒരു കുടുബം ഒറ്റക്ക് പോക്ക്, അങ്ങനെയൊന്ന് വിരളമാണ്. കൂട്ടംകൂടി, അയലന്തരങ്ങൾ, ബന്ധുക്കൾ അങ്ങനെ  ഒരു സംഘമയിട്ടാണ് സിനിമക്ക്.........
-ആഘോഷപോക്ക്.

അങ്ങനെ ഓരൊ പുതിയ സിനിമയുമായി വെള്ളിയാഴ്ച്ചകൾ വരും-അവേശത്തൊടെ, ഊണൊക്കെ നേരത്തെ കഴിച്ച്, ഉടുത്തൊരുങ്ങി 'ടാക്കീസി'ലെത്തുമ്പോൾ രണ്ടു മണിയുടെ കോളാമ്പിപ്പാട്ട് ദൂരെ വഴിതുടങ്ങുന്നിടത്തു വരെ നിൽപ്പുണ്ടാവും.
അപ്പോഴേക്കും ടിക്കറ്റിനായുള്ള നിര നീരൊഴുക്ക്പോലെ വളഞ്ഞു നീണ്ടുപരന്നിരിക്കും. 

അന്നു 'പൈസകൾ മാത്രം' മൂല്യമുള്ള സീറ്റുകളുണ്ട് ഓർമ്മയിൽ. അതായത് മൂന്നു തട്ടിലായി ഒരേ ഹോളായിരുന്നു 'റോയൽ തീയറ്റർ'
-ഏറ്റവും പിന്നിലുള്ള 5 നിര കുഷ്യൻ കസേരകൾ ഫസ്റ്റ് ക്ലാസ്, അതു കഴിഞ്ഞ് കുറേ നിരകൾ കുഷ്യനില്ലാത്ത കസേരകൾ, പിന്നെയുള്ള നിരയെല്ലാം ബഞ്ചുകൾ.
50 പൈസ, 2 രൂപ, 5 രൂപയെന്നൊക്കെയുള്ള അവ്യക്തമായ ഓർമ്മകൾ.

അവിടെയിരുന്നു നസീറും ജയനും വരുന്നതും കാത്തുള്ള ബാല്യത്തിന്റെ ആകാംക്ഷകൾ-
ബീഡിയുടെയും, വിയർപ്പിന്റെയും മണമുള്ള കൊട്ടകയിൽ, വെള്ളിത്തിരയിൽ അവർ വരുമ്പോൾ ഉയരുന്ന കൈയ്യടികളും, ആർപ്പുവിളികളും.
 
കറുപ്പിലും വെളുപ്പിലും പിന്നെ 'കളർ' എന്നു വല്ലപ്പോഴും ഒരു ഉത്സവകാലത്തുള്ള സിനിമാ പോസ്റ്ററിൽ വന്നിരുന്ന ചിത്രങ്ങളിലൂടെയെല്ലാം, സിനിമയെ മനസ്സിലേക്ക് പതിപ്പിച്ച്, അവഗണനയുടെ സ്റ്റുഡിയോ ഫ്ലോറുകളിൽ ഊഴംകാത്തുകിടന്ന മലയാള സിനിമയെ, ഒരു വ്യാവസായിക ഉത്പന്നമാക്കി പരിവർത്തിപ്പിച്ച്, ആത്മാർഥതയുടെ ആ വിരൽതുമ്പിൽ പിടിച്ച് മദിരാശിയിൽ നിന്നും മലായാള സിനിമയെ കേരളത്തിലേക്ക് നടത്തികൊണ്ടു വന്ന, മലയാളിയുടെ നിത്യഹരിതനായകനായി പകർന്നാടി, അഞ്ചു തലമുറകളുടെ കാമുകസങ്കൽപ്പമായി പരിലസിച്ച 'പ്രേംനസിർ'.
സിനിമയിൽ വിനയവും, വ്യവസ്ഥയും, ആത്മാർഥയും കൊണ്ട്-  തന്റെ എല്ലാം നൽകിയിട്ടും സിനിമാചരിത്ര പാഠങ്ങളിൽ നിന്നും, അംഗീകാരങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ട, അക്കദമിക് ബുദ്ധിജീവികൾ അയിത്തം കാണിച്ച അദ്ദേഹത്തെപറ്റി പിന്നീട് വിശദമായി പ്രതിപാദിക്കാം.

പറഞ്ഞു തുടങ്ങിയത് സിനിമകൾ തമ്മിൽ അന്നുണ്ടായിരുന്ന ആരോഗ്യപരമായ മത്സരത്തേപറ്റിയായിരുന്നു.  അപ്പോൾ പ്രേംനസീറെന്ന വ്യക്തിത്വത്തിലേക്ക് എത്താതെ എങ്ങനെ അതിനു സാധിക്കും.

1950-ന്റെ അവസാന വർഷങ്ങൾ-
തമിഴ്നാട്ടിൽ പ്രേംനസീറെന്ന ചിറയിൻകീഴുകാരന്റെ സുവർണ്ണകാലം. 'തൈ പിറന്താൽ വഴി പിറക്കും', വർണ്ണക്കിളി, 'തങ്കം മനസ്സ് തങ്കം', നല്ലയിടത്തു സംബന്ധം' തന്തൈ' തുടങ്ങിയ 20നുമേൽ ചിത്രങ്ങൾ വിജയിച്ചിരിക്കുന്നു. ഇരുപതോളം ചിത്രങ്ങൾ കരാറായിരിക്കുന്നു. സിനിമകൾ ഓരോന്നായി റിലീസ് നടക്കുന്നു.

എം.ജി. ആറും ശിവാജിയും തിളങ്ങി നിൽക്കുന്ന കാലമെന്ന് ഓർക്കണം. ഇവിടെ മാത്രമല്ല, ശ്രീലങ്കയിലും പ്രേംനസീറിനു ആരാധകർ. ശത്രുക്കൾക്ക് പഞ്ഞമുണ്ടാവുമോ..?
അവരുടെ കുതന്ത്രങ്ങൾ വിജയിച്ചു.  അവസരങ്ങൾ ഓരോന്നോരോന്നായി നഷ്ട്ടപെട്ടു. വാക്കു പറഞ്ഞവർ പിൻവാങ്ങി.  ആരുടെയോ പിന്നാമ്പുറ കളികളിൽ ഒരു ഇൻ കംടാക്സ് റയിഡ്.കടം വീട്ടാൻ നസീറിന്റെ മദിരാശിയിലെ വീടു വിൽക്കുന്നു, വാൻ ഗാർഡ് കാർ വിൽക്കുന്നു.... 

അങ്ങനെ ജീവിതത്തിലെ വലിയൊരു നിരാശയിൽ ആണ്ടുനിൽക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ ഒരാൾ വരുന്നത്- ആളെ മുൻപ് അറിയാംആലപ്പുഴയിൽ ഉദയാസ്റ്റുഡിയോ ഉടമ 'കുഞ്ചാക്കോ മുതലാളി'.

വർഷങ്ങൾക്ക് മുൻപ്- അന്ന് നസീറല്ല, അബ്ദുൽ ഖാദറാണ്. ഒരു റിഹേഴ്സൽ നടത്തനാണ് മുതലാളി അബ്ദുൽ ഖാദറിനെ ഉദയായിലേക്ക് കൊണ്ടു വന്നത്. നായിക കുമാരി തങ്കവുമായി ഒരു പ്രേമരംഗമാണ് കാണിക്കേണ്ടത്.  സംഭാഷണമോ സിറ്റ്വേഷനോ മുതലാളി പറഞ്ഞുകൊടുത്തില്ല. 
അബ്ദുൽ ഖാദർ ഒരു നിമിഷം മൗനിയായി, പിന്നെ മുന്നോട്ട് വന്ന് ആ പെൺകുട്ടിയുടെ കരം ഗ്രഹിച്ച്, അവളുടെ പ്രണയാതുരനായ കാമുകനായി. 
അഭിനയം കഴിഞ്ഞപ്പോൾ ആദ്യം കൈയടിച്ചത് കുഞ്ചാക്കോവായിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു നാഴിക കല്ലായിരുന്നു ആ കൂടികാഴ്ച.

അത് പഴയ കഥ. ഇപ്പോൾ പ്രേം നസീറാണ്, വിജയം കണ്ടു കഴിഞ്ഞ്, വീണ്ടും തകർന്ന അവസ്ഥയിൽ. 
മുതലാളി എടുക്കുന്ന പുതിയ ചിത്രമായ 'സീത'യിൽ ശ്രീരാമനായി നസീറിനെ ക്ഷണിക്കാൻ വന്ന ഈ കൂടികാഴ്ച മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറുമെന്ന് ഇരുവരും അറിഞ്ഞില്ല.

ഒരു മുസൽമാനായ താൻ ശ്രീരാമനായി വരുന്നത് മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന് നസീറിനു സംശയമുണ്ടായിരുന്നു, പക്ഷെ  കുഞ്ചാക്കോ ധൈര്യം പകർന്നു.
വൻ വിജയമായിരുന്നു 'സീത'-പിന്നീടുള്ളത് ചരിത്രം. 

സീതയുടെ വിജയം കുഞ്ചാക്കോ മുതലാളിയെ മറ്റുചില അലോചനയിലേക്ക് നയിച്ചു- അതിന്റെ ഫലമാണ് പിന്നീട് ഉദയായിലൂടെ വന്ന വടക്കൻപാട്ടു സിനിമകൾ.

ആ കാലത്താണ്, ആദ്യം പറഞ്ഞുതുടങ്ങിയ മലയാളസിനിമയിലെ ആരോഗ്യപരമായ കിടമത്സരത്തിന്റെ കൗതുകമുണർത്തുന്ന സംഭവങ്ങൾ.  പക്ഷെ ഈ കടുത്ത മത്സരബുദ്ധി മലയാള സിനിമയെ തളർത്തുകയോ, അഭിമാനക്ഷതം ഏൽപ്പിക്കുകയല്ല, മറിച്ച് വളർത്തുകയാണുണ്ടായത്.

അന്നു രണ്ട് നിർമ്മാണ കമ്പനികളാണ് കേരളത്തിൽ- കുഞ്ചക്കോയുടെ ഉദയായും സുബ്രഹ്മണ്യം മുതലാളിയുടെ നീല പ്രൊഡക്ഷൻസും(പിന്നീട് അദ്ദേഹം മെരിലാന്റ തുടങ്ങി). രണ്ടുപേരും തമ്മിലാണ് മത്സരം.

സുബ്രഹ്മണ്യം മുതലാളി 'ഭക്തകുചേല' എന്ന സിനിമ നിർമ്മിച്ചപ്പോൾ കുഞ്ചാക്കോ 'കൃഷ്ണകുചേല'യുമായി അതിനെ നേരിട്ടു.  ഉദയ 'സീത' നിർമ്മിക്കുമ്പോൾ, നീല പ്രൊഡക്ഷൻസ് ശ്രീരാമ പട്ടാഭിഷേകം ഇറക്കുന്നു. അതുപോലെ തന്നെ ഒരേ സമയത്തു ഒരേ വിഷയവും, ഒരേ സാഹചര്യങ്ങളുമായി ചിത്രങ്ങൾ പലതും മാറ്റുരച്ചു.  അതിൽ 'മാടത്തരുവി കൊലകേസും' 'മൈനത്തരുവി കൊലകേസും' ഒരു ഉദഹരണം മാത്രം. 
ഇതിനിടയിൽ ചില കൗതുകങ്ങളായ അനുഭവങ്ങളുമുണ്ടായി. കൃഷ്ണകുചേലയിൽ കുഞ്ചാക്കോ കംസന്റെ വേഷത്തിൽ തിക്കുറിശ്ശിയെ നിശ്ചയിച്ചിരുന്നു. അതിനു മുൻപ് സുബ്രഹ്മണ്യം മുതലാളി തന്റെ സിനിമ 'ഭക്തകുചേല'യിൽ ഇതേ വേഷം തിക്കുറിശ്ശിയെകൊണ്ട് ചെയ്യിച്ചു. 

തിരുവനന്തപുരം ന്യൂ തിയറ്ററിൽ 'ഭക്തകുചേല'യും സെൻട്രൽ തിയറ്ററിൽ 'കൃഷ്ണകുചേല'യും ഒരുമിച്ചു റിലീസ് ചെയ്തു.  മത്സരത്തിൽ മലയാളി പ്രേക്ഷകൻ രണ്ടു സിനിമയേയും വിജയിപ്പിച്ച് നന്ദി പ്രകടിപ്പിച്ചു. 

മാസത്തിലെ ആദ്യ പത്തു ദിവസം അന്നത്തെ പ്രധാന നടിനടൻമാർ ഉദയയ്ക്ക് വേണ്ടി നീക്കി വെക്കുമായിരുന്നു ശേഷിച്ച 20 ദിവസങ്ങളാണ് മെരിലാന്റ തുടങ്ങി മറ്റ് നിർമ്മാതക്കൾക്ക് കൊടുത്തിരുന്നത്.

സത്യത്തിൽ ഇവരുടെ ഈ മത്സരമാണ് മലായാള സിനിമയെ മദിരാശിയിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നട്ടത്.
ഉദയാ സ്റ്റുഡിയോ 1947നിൽ തുടങ്ങി, നാലു വർഷം കഴിഞ്ഞ് സുബ്രഹ്മണ്യം മുതലാളിയുടെ മെരിലാന്റ് തുടങ്ങി.

ഇവ രണ്ടും വന്നതോടെ മത്സരബുദ്ധിയോടെ, ആഘോഷതിമിർപ്പോടെ മലയാളിൽകൾക്ക് നിരനിരയായി സിനിമകൾ ലഭിച്ചു; ആലപ്പുഴയും തിരുവനന്തപുരവും മലയാള സിനിമയുടെ കേന്ദ്രങ്ങളായി മാറുകയും ചെയ്തു.

1975-ഉദയായുടെ 'കണ്ണപനുണ്ണി' അനൗൺസ് ചെയ്യുന്ന കാലം- കുഞ്ചാക്കോ സാമ്പത്തികമായി ഒരൽപ്പം പ്രയാസങ്ങളിൽ.  പ്രാരംഭപ്രവർത്തനങ്ങൾക്ക്പോലും പണമില്ല. 15 ലക്ഷമുണ്ടെങ്കിലെ ആദ്യഘട്ടപ്രവർത്തനങ്ങൾ നടക്കു. മെരിലാനന്റുമായി മത്സരിച്ചു മുന്നേറുന്ന കാലം. അപ്പോഴാണ് ഭാഗ്യം ഒരു ഗൾഫുക്കാരന്റെ രൂപത്തിൽ മുതലാളിയുടെ മുന്നിൽ- അയാൾക്ക് ഉദയായുടെ സിനിമകളുടെ  ഗൾഫ് വിതരണവകാശം വേണം- ഗൾഫിൽ അന്നു മലയാള സിനിമയില്ല; അത് തുടങ്ങാനാണ്. ഏഴു ലക്ഷത്തിനു കരാർ ഉറപ്പിക്കുന്നു; കണ്ണപനുണ്ണിയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുന്നു.

പകഷെ വിധി മറ്റൊന്നാണ് കരുതിവെച്ചത്.
വൈകാതെ മദിരാശിയിലുള്ള ഉദയായുടെ ഗസ്റ്റ് ഹൗസിൽ പി. ഭാസ്കരൻ മാഷും, രാഘവൻമാഷുമൊത്ത് 'കണ്ണപ്പനുണ്ണി'യുടെ ഗാനങ്ങളുടെ കമ്പോസിങ് നടക്കവേ, പെട്ടന്നു കുഞ്ചാക്കൊ മുതലാളി കുഴഞ്ഞു വീണു,  രാഘവൻമാഷിന്റെ മടിയിലേക്ക്. 
ആ വീഴ്ച്ച മരണത്തിലേക്കായിരുന്നു..!

മുതലാളിയുടെ മരണശേഷം അനുജൻ അപ്പച്ചൻ ചിത്രത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തപ്പോൾസിനിമ പൂർത്തിയാക്കാൻ തിയറ്റർ ഉടമകൾ  പണം സ്വരൂപിച്ച് നൽകിയ അപൂർവ്വ ചരിത്രം ആ കാലത്തിന്റെ നൻമയായിരുന്നു. 
സിനിമ വൻ വിജയമായി, മലയാള സിനിമയുടെ പ്രധാന ഏടുകളിൽ സ്ഥാനം പിടിച്ച കുഞ്ചാക്കോ മുതലാളിയുടെ അവസാന സംരംഭം- മലയാളികൾ ആദരപൂർവ്വം അംഗീകരിച്ചു.

അന്നത്തെ സിനിമയിൽ നിലനിന്നിരുന്ന അരോഗ്യപരമായ മത്സരബുദ്ധിക്കൊപ്പം വ്യക്തിബന്ധങ്ങളുടെയും ഈ ഓർമ്മപുതുക്കലിനു തത്കാലം വിരാമമിടുന്നതിനു മുൻപ് ഈ വാൽകഷണം കൂടി പറയാതെ വയ്യ-

കുഞ്ചാക്കോ മുതലാളിയുടെ കാലശേഷം അനുജൻ അപ്പച്ചൻ, ഉദയായുടെ എല്ലാ അവകാശവും കുടുബാംഗങ്ങൾക്ക് കൈമാറിയ ശേഷം, പലരുടെയും അപേക്ഷ പ്രകാരം ഒരു പുതിയ നിർമ്മാണക്കമ്പനി തുടങ്ങി-
പത്രങ്ങളിലൂടെയും മാസികയിലൂടെയും പരസ്യം നൽകി പൊതുജനങ്ങൾ നിർദ്ദേശിച്ച 'നവോദയ' എന്ന പേരോട് കൂടി.

അദ്യം നിർമ്മിച്ചത് ഒരു വടക്കൻപാട്ട് ചിത്രം തന്നെയായിരുന്നു- 'കടത്തനാട്ടുമാക്കം'.
പിന്നീട് സാങ്കേതികമായി അതുവരെ കാണാത്ത ഒന്ന് എന്ന നിലക്ക് സിനിമാസ്കോപ്പെന്ന ആശയയവുമായി മുന്നോട്ട് പോവുന്നു. നായകനായി ആദ്യസംരംഭത്തിലെന്ന പോലെ തന്നെ പ്രേംനസീറിനെ തീരുമനിക്കുന്നു.

എന്നാൽ, ഇതേ സമയത്ത് പ്രേംനസീറിനെ നായകനാക്കി
'അലാവുദ്ദിനും അത്ഭുതവിളക്കു'മെന്ന ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിക്കാൻ ഹരിപോത്തൻ തീരുമാനിച്ച വാർത്ത പരക്കുന്നു.

രണ്ടു സിനിമയിലും ഒരേയാൾ നായകനാവുകയെന്നത് വിജയത്തെ ബാധിക്കുമെന്ന അപ്പച്ചൻ മുതലാളിക്ക് തോന്നി.

നസീറിനെ കൂടെനിർത്താൻ അദ്ദേഹം ഒരു പോംവഴി പറഞ്ഞു: 'രണ്ടു പടത്തിൽ അഭിനയിച്ചാൽ കിട്ടുന്ന പണം, ഒരു സിനിമയ്ക്ക് നൽകാം..
പ്രേംനസീർ ഒരു നിമിഷം അപ്പച്ചന്റെ മുഖത്തേക്ക് നോക്കി, പിന്നിലെ കുറെ നേരം ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നപ്പൊൾ ആ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് അപ്പച്ചൻ കണ്ടു.
പിന്നെ തലയുയർത്തി, ആ 5 തലമുറകൾ നെഞ്ചിലേറ്റിയ നായകൻ പറഞ്ഞ മറുപടിയാണ് ആ കാലത്തിന്റെ സാക്ഷ്യപത്രം.
"എന്നെ വളർത്തി വലുതാക്കിയ ഉദായയുടെ ആവശ്യമാണ് എനിക്ക് വലുത്, ആ കടപ്പാട് എനിക്ക് മറക്കനാവില്ല, അധികമായി ഒരു ചില്ലികാശുപോലും എനിക്ക് തരേണ്ടതില്ല'.

അദ്ദേഹം ' ആലാവുദ്ദീനി'ൽ നിന്നും പിൻമാറി, പകരം നായകനായി നറുക്ക് വീണത് കമൽഹാസനായിരുന്നു.

ഇന്ന് കൊച്ചിയിൽ- 'റോയൽ ടാക്കീസ്' അവിടെയില്ല, ഗോഡൗണോ മറ്റോ ആയി
മാറികഴിഞ്ഞിരിക്കുന്നു. 

പകഷെ സിനിമ എന്ന പ്രണയം എന്നിലൂള്ളടത്തോളം, 'റോയൽ ടാക്കീസ്' ഓർമ്മകളിൽ കാണും-
ഷോ നടക്കുന്നതിനിടയിൽ പറക്കറുള്ള മേൽക്കുര പലകയിലിരുന്നു കുറുകുന്ന ആ പ്രാവുകളും,
പ്രൊജക്ട്ടർ വെളിച്ചം സ്ക്രീനിലേക്ക് പ്രയാണം തുടങ്ങുന്നിടത്ത് വലകെട്ടിയ ആ ചിലന്തിയും,
കുഷ്യൻസീറ്റും, മരത്തിന്റെ ബെഞ്ചുകളും, വഴിയെ പോവുമ്പോൾ പാട്ടുകേൾപ്പിച്ച ആകർഷിപ്പിച്ച ആ കോളാമ്പിയുമ്മൊക്കെ എന്നൊടൊപ്പമുണ്ടാവും. 

കാറ്റിൽ, ഇന്നലെകളിലെ എവിടുന്നെങ്കിലും ഒരു നോട്ടീസ് പറന്നു വരുമോയെന്ന ഇപ്പോഴും വെറുതെ മോഹിക്കുന്നു.  ഒരു വികാരം പോലെ എന്നിലേക്ക് കുത്തിനിറച്ച ആ ഓർമ്മകൾ, നിറമുള്ള, വിലകുറഞ്ഞ കടലാസിൽ

- ഒരു സിനിമ നൊട്ടീസ്....!