Friday, 3 July 2015

കാലത്തിന്റെ ഏണിപടികള്‍....

ഇരുപത്തിയഞ്ച് കൊല്ലം സര്‍ക്കാരാപ്പീസ് ജിവിതം നയിച്ചതിന്റെ 'ലജ്ജാ'ഭാരത്തൊടെ എഴുത്തുകാരനും വാഗ്മിയുമായ ശ്രി. അശോകന്‍ ചരുവിലിന്റെ ഒരു പഴയെ കുറിപ്പ് ഈയിടെ വായിക്കനിടയായി....

ആ വായന ഒരുപ്പാട് ഓര്‍മ്മകളിലേക്ക്, പിന്നോട്ട് കൊണ്ടുപോയ പൊലെ.....
ആ ലേഖനം സർക്കാരാപ്പിസ്സുകളും, സർക്കാരിന്റെ ചില തീരമാനങ്ങളെയും ഓർമ്മപ്പെടുത്തി...
അത് മനുഷ്യനും 'അവന്റെ മണ്ണിനെ'യും ഓർമ്മപ്പെടുത്തി....
ആ ചിന്തകൾ മണ്ണിന്റെ എഴുത്തുക്കാരനായ തകഴിയെ ഓർമ്മപ്പെടുത്തി....
തകഴി' എന്ന മലയാളത്തിന്റെ തലയെടുപ്പിന്റെ ഒരു ഓര്‍മ്മപ്പെടുത്തൽ....

സർക്കാർതീരുമാനങ്ങൾ അവിടെ നിൽക്കട്ടെ,
തകഴിയെന്ന മണ്ണിന്റെ മണമുള്ള ഓർമ്മകളിലേക്ക് ആദ്യം പോവാം...

തകഴി ശിവശങ്കര പിള്ള-
ശിവശങ്കര പിള്ള...തകഴിയെന്ന പേരിലേക്ക് ലോപിച്ച
'തകഴി' എന്ന സ്ഥലനാമത്തിനു ലോകപ്രശ്തി നൽകി വ്യക്തി.

അദ്ദേഹത്തിന്റെ രചനകളെപ്പറ്റിയൊന്നും പരാമർശിക്കാൻ ഈയുള്ളവൻ ഒന്നുമല്ലെന്നു മാത്രമല്ല, അതിനു ശ്രമിക്കുകയെന്നത് പോലും വെണ്ണീറിലേറണ്ട കൊടുംപാപമെന്ന് വ്യക്തമായി അറിയാം...

ഇതൊരു പൊടി തട്ടിയെടുക്കൽ പ്രക്രിയ മാത്രം...ഓർമ്മകൾ ക്ലാവുതുടച്ചെടുക്കൽ എന്നു വേണമെങ്കിൽ പറയാം. 
കാരണം, ബ്ലൊഗ് എഴുതുക, വെറുതെയങ്ങനെ കാര്യങ്ങൾ പറയാതെ അതു എഴുതിവെക്കുക, വീണ്ടും എഴുതി തുടങ്ങുക...ഒരു പരീക്ഷണം പോലെ, നാളെ മുതൽ...
അച്ചടിക്കുക എന്ന ലക്ഷ്യം മറന്നിട്ട്, ദിവസവും കാലത്തു എഴുന്നേറ്റ് ഒരു ചായ കുടിച്ച്, ഒരു മണിക്കൂർ മനസ്സിന്റെ ഒരു വ്യായാമം എന്ന മട്ടിൽ എഴുതി തുടങ്ങുക. ഒരു മാസം കഴിയുമ്പോൾ മനസ്സിലാവും ഓർക്കനും ഓർത്തെടുക്കാനുമുള്ള കഴിവും എഴുതാനുള്ള വിഷയങ്ങളും കുത്തൊഴുകിയൊലിക്കുമെന്നു പറഞ്ഞ് ആ നല്ല മനസ്സ്, എന്നെ ഓർമ്മപ്പെടുത്തിയത്, എം. പി. നാരായണപിള്ളയുടെ  ഒരു സമാന ഉപദേശമാണ്...

മുൻപ് പറഞ്ഞതു പൊലെ തകഴിയെപറ്റി പറയാൻ അദ്ദേഹതിന്റെ രചനയല്ല, അദ്ദേഹം മറ്റോരാൾക്ക് എഴുതി കൊടുത്ത ഒരു അവതാരികക്കു 'പിന്നിലെ കഥ' ഈ ഓർമ്മപുതുക്കലിന്റെ തുടക്കമയി കുറിക്കട്ടെ..
                  സരസ്വതി നമസ്തുഭ്യം....

തകഴിയോട് അവതാരിക ആവശ്യപെട്ടത് കേരളത്തിലെ പ്രമുഖനായ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ശ്രീ. എൻ. ശ്രീകണ്ഠൻ നായരായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം ക്ലാസിൽ ബി.എ ഹോണേഴ്സ് ബിരുദം നേടിയതുകൊണ്ട്  ഉന്നത ഉദ്യോഗങ്ങൾ പലത് കിട്ടുമായിരുന്നെങ്കിലും, തികഞ്ഞ ദേശീയ വാദിയായ ആ ഖദർധാരി ആകൃഷ്ടനായത് സ്വാതന്ത്ര്യ സമരവും തൊഴിലാളി സമരങ്ങളിലുമായിരുന്നു...!

വിദ്യാഭ്യാസത്തിനു ശേഷം തൊഴിലാളി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ മുൻ നിരയിലെത്തി.
ആലപ്പുഴയിലും, അക്കാലത്തു സ്റ്റേറ്റ് കോൺഗ്രസ്സ് ആരംഭിച്ച 'ഉത്തരവാദ പ്രക്ഷോഭണ'ത്തിന്റെ സിരാകേന്ദ്രമായ കൊല്ലത്തും, കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ നേതാവായി, വേതന വർദ്ധനവിനും ജോലി സ്ഥിരതയ്ക്കും മുതലാളിമാരുടെ ഗുണ്ടായിസത്തിനും പോലീസിന്റെ തേർവാഴ്ചയ്ക്കുമെതിരേ നിരവധി സമരങ്ങൾക്ക് നേതൃത്ത്വം നൽകിയത് പലപ്പോഴും അദ്ദേഹം തന്നെ 'നേരിട്ട് കയികമായി' മുതലാളികളുടെ ഗുണ്ടകളുമായും പോലീസുമായും ഏറ്റുമുട്ടിയെട്ടായിരുന്നു എന്നതാണ് ചരിത്രം.

കോൺഗ്രസിന്റെ ഒരു വലിയ സമ്മേളനത്തിൽ വോളിണ്ടിയർമാരുടെ കമാൻഡറായി യൂണിഫോമിട്ട് കുതിരപ്പുറത്ത് കയറിയ ആജാനുബാഹു ശ്രീകണ്ഠൻ നായരെ സുഭാഷ് ചന്ദ്രബോസിന്റെ അവതാരമായി ജനങ്ങൾ കണ്ടതിൽ എന്താണ് അത്ഭുതം എന്നതിനു ഒരു ചെറിയ അനുഭവം കൂടി പറഞ്ഞ് തകഴിയിലേക്ക് പോവാം.

രാഷ്ട്രീയ കാരണങ്ങളാൽ ഒളിവിലായിരുന്ന കാലം-
ശ്രീകണ്ഠൻ നായരെ പിടിക്കാൻ നടന്ന ഒരു പോലീസുകാരൻ വഴിയോരത്തുള്ള  ഒരു  ചായക്കടയിൽ കയറിയ ഒരു കഥയുണ്ട്. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ചൂട് ദോശകൾ അകത്തെവിടെയോ പോകുന്നത് പോലീസുകാരൻ ശ്രദ്ധിച്ചു. പത്തു ദോശകൾ പോയി. പതിനഞ്ചായി... ഇരുപതായപ്പോൾ പോലീസുകാരന്റെ സംശയങ്ങളെല്ലാം മാറി.... അകത്ത് ശ്രീകണ്ഠൻ നായർ തന്നെ.
ഇരുപത്തഞ്ചാമത്തെ ദോശയോടുകൂടെ അകത്തേക്കു കടന്ന പോലീസുകാരനെ, ചായക്കട തൊഴിലാളികൾ അടുത്ത ഗ്രാമത്തിൽ കൊണ്ടുപോയി 'അഴിച്ചുവിട്ടു' എന്നതാണ് കേട്ടുകേൾവി.....
അങ്ങനെയുള്ള ചരിത്രപുരുഷൻ, അമ്പലപ്പപുഴ ചിറ്റപ്പറമ്പിൽ ജാനകിയമ്മയുടെയും നീലകണ്ഠപിള്ളയുടെയും ഏക മകനായി ജനിച്ച് ഈ പുത്രൻ എഴുതിയ പുസ്തകങ്ങളിൽ ഒന്നായിരുന്നു 'എന്റെ അമ്മ'.

നീലകണ്ഠപിള്ള തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്നു, അമ്മ സ്കൂൾ ഹെഡ്മിസ്ട്രസ്സും.  ആ സ്നേഹമയിയായ അമ്മയെക്കുറിച്ചാണ് ഈ പുസ്തകം.

ഈ പുസ്തകത്തിനു തന്റെ നല്ലൊരു സുഹൃത്തുകൂടിയായ തകഴിയെകൊണ്ട് അവതാരിക എഴുതിക്കാമെന്ന് എൻ. ശ്രീകണ്ഠൻ നായർ തീരുമാനിക്കുന്നു, തകഴിയോട് ആവശ്യപ്പെടുന്നു. 
എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും, തന്റെ അമ്മ 'മറ്റൊരു മകനായി' കരുതിയിരുന്ന തകഴി, അവതാരിക എഴുതാതെ നീട്ടികൊണ്ടുപോയത് ശ്രീകണ്ഠൻ നായരെ അസ്വസ്ഥനാക്കി. 

ക്ഷമയുടെ ഒരു കാലഘട്ടത്തിനു ശേഷം അദ്ദേഹം നടത്തിയ കൗതുകമുള്ള ഒരു പോംവഴി, ആ അനുഭവം പിന്നീട് അദ്ദേഹം തന്നെ പങ്ക് വെച്ചു-
സർ സി.പി. രാമസ്വാമി അയ്യരെ വെട്ടിയ ഒരു കെ. എസ്. മണിയുണ്ടായിരുന്നു.  ഒരു ദിവസം അതിരാവിലെ അദ്ദേഹം മണിയെ വിളിച്ചുണർത്തി കാപ്പി കുടിക്കാൻ രണ്ടണയും കൊടുത്ത് തകഴിക്കയച്ചു.
ഒന്നുകിൽ മുഖവുര എഴുതിക്കിട്ടണം. അല്ലെങ്കിൽ തകഴിയുടെ രണ്ട് പല്ല്- ഇതായിരുന്നു മണിക്ക് നൽകിയ നിർദ്ദേശം.

മണി കരുമാടിയിലെ കാക്കയുടെ ചായക്കടയിൽനിന്ന് അരയണയ്ക്കു ചായയും കുടിച്ച്, അരയണയ്ക്ക് ഒരു സിഗററ്റും വാങ്ങി; ഒരണ പുഴ്ത്തിവച്ച്, കരുമാടിപ്പാലം കേറാൻ തുടങ്ങിയപ്പോൾ പാലത്തിന്റെ പടികൾ ഇറങ്ങി തകഴി താഴോട്ട് വരുന്നു.
തകഴിയുടെ വീട്ടിൽനിന്ന് പ്രാതൽ കഴിക്കാമെന്നുള്ള മണിയുടെ പദ്ധതിയും പ്രതീക്ഷയുമാണ് തകർന്നത്..!

ഇനിയിപ്പോൾ യാതൊരു കാരുണ്യവും വേണ്ട-
തനിക്ക് നൽകിയിരിക്കുന്ന കല് പന മണി പറഞ്ഞു;
തകഴി വിഷമിച്ചു പോയി.
തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷ ജയിച്ച ശേഷം, തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യതിരുന്ന കാലം. അന്ന് അതിരാവിലെ ഒരു കക്ഷി അമ്പലപ്പുഴ വക്കീലാഫീസിലെത്തും.  അയാളുടെ ചെലവിൽ, വിഭവസമൃദ്ധമായ ചായസൽക്കാരത്തിനു തകഴി മണിയെക്കൂടി ക്ഷണിച്ചു. 

ആ ഹനുമാനുണ്ടോ വഴങ്ങുന്നു. രണ്ടിനുപകരം നാലു പല്ലും കൊണ്ടേ മണി മടങ്ങൂകയുള്ളു എന്നു തകഴിക്ക് ബോദ്ധ്യമായി.
അങ്ങനെ ഒരു വഴിയും കാണാതെ, ഒടുവിൽ കാക്കയുടെ ചായകടയിൽ കയറിയിരുന്ന്, കേസ് വിവരമെഴുതാൻ കൊണ്ടുവന്നിരുന്ന കടലാസിൽ തകഴി എഴുതിതുടങ്ങി. 
ഒരു മണിക്കൂറിനകം, 18 പേജ് എഴുതിത്തള്ളി- അതിനകം രണ്ട് ചായയും കുടിച്ചു.
മുഖവുരയെടുത്ത് മണിയുടെ മുഖത്തെറിഞ്ഞ്, ചായയുടെ കാശുകൊടുക്കാൻ നിർദ്ദേശിച്ച് തകഴി പുറത്തിറങ്ങി, പടിഞ്ഞാറോട്ടു പാഞ്ഞൂപോയി. 

ഒരു മണികൂറൂകൊണ്ട്, കടത്തിണ്ണയിലിരുന്നു തകഴി കുത്തിക്കുറിച്ച ' ആ അവതാരിക', ശ്രീകണ്ഠൻ നായരുടെ അമ്മയെക്കുറിച്ചുള്ള ഒർമ്മകളുടെ, കണ്ണുനീരിന്റെ നനവുള്ള ആ വിലാപകാവ്യത്തേക്കാൾ ശോകസാന്ദ്രമായിരുന്നു എന്ന് കാലം തുറന്നു പറഞ്ഞു.  
പുസ്തകമെഴുതിയ ശ്രീകണ്ഠൻ നായർ തന്നെ അത് ഏറ്റുപറഞ്ഞ് സമ്മതിച്ചു, പിന്നീട്...!
വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയിച്ച കൃതികൾ, കടലിന്റെയും, മണ്ണിന്റെയും ചേറൂം ചതുപ്പിന്റെയും, ചകരിചൂരും പേറുന്ന കുട്ടനാടിന്റെ ഇതിഹാസകാരൻ... മണ്ണിനെ സ്നേഹിച്ച്ഭൂമിയിൽ വിനീതനായി നടന്ന എഴുത്തുക്കാരൻ....!

ഇനി ആദ്യം പറഞ്ഞ ലേഖനം വായിച്ചപ്പോൾ,  സർക്കാരാപ്പിസും, സർക്കാരിന്റെ ചില തലതിരിഞ്ഞ തീരുമാനങ്ങളും കൊണ്ടുവന്ന ആ ഓർമ്മയിലേക്ക്...

പെട്ടന്ന് ജോര്‍ജിനെ ഓര്‍ത്തു പൊയി.
തൃശൂരിലെ ഒരു അയുർവേദ നഴ്സ്സിങ്ങ് ഹോമിൽ കഴിച്ചു കൂട്ടിയ കാലത്തുള്ള ഒരു ഓർമ്മയിലേക്ക്...

ആയുര്‍വേദ നഴ്സിങ് ഹൊമിലാണ് ജോര്‍ജിനെ അദ്യമായി കാണുന്നത്.
ഹോം എന്ന് കെള്‍ക്കുമ്പോള്‍ വലുതായിട്ടൊന്നും ധരിക്കണ്ട. സത്യത്തില്‍ ഒരു ചെറിയ ശരണാലയമെന്ന് പറയാം. 
പരസ്യമോ, ബോര്‍ഡോ, കണ്‍സള്‍ട്ടിങ് റൂമോ ഇല്ലാ.

കയ്യിലുള്ള ദ്രവ്യം എന്താന്നുവച്ചാല്‍ കൊടുക്കുകയോ കൊടുക്കാതിരിക്ക്യൊ ആവാം.

അങ്ങനെ ഇവിടെ എത്തിപ്പെട്ടയാളാണ് ജോര്‍ജ്.
ഭാര്യക്കാണ് രോഗം. 
നിരന്തരമായ കാലുകഴപ്പും വേദനയുമായി നീണ്ടകാലത്തെ അലോപ്പതി ചികില്‍സയായിരുന്നു.  ഇതൊക്കെ രോഗിയുടെ തോന്നലാവുമ്മെന്നു ചില ഡോക്ടര്‍മാര്‍ പറഞ്ഞുകളഞ്ഞു. അവരോടു ജോര്‍ജ് തട്ടിക്കേറി.
 
ഒരു ഡോക്ടര്‍ രോഗം സ്ഥിതീകരിച്ചു, നട്ടെല്ലില്‍ ട്യുമറാണ്.  ശസ്ത്രക്രിയ ചെയ്തു.  അതോടെ രണ്ടുകാലും പൂര്‍ണമായും തളര്‍ന്നു.
ജീവിതമല്ലെ, പിന്നോട്ട് നടക്കാന്‍ വഴികളില്ലല്ലോ.  ഭാര്യയെ ചുമ്മന്ന് ഒരുപാട് ആശുപത്രികള്‍ പിന്നിട്ട് ജോര്‍ജ് ഒടുവിൽ ഇവിടെ എത്തി.

തൃശൂര്‍ നഗരപ്രാന്തത്തില്‍ ഏഴു സെന്റ് പുരയിടത്തില്‍ ഒതുങ്ങുന്നുജോര്‍ജിന്റെ ജീവിതം. 
മക്കള്‍ പഠിക്കുന്നു.
ഏഴുപറ കണ്ടത്തില്‍ നെല്‍കൃഷിയുണ്ട്. 

അറുപതുകളില്‍ പത്താം ക്ലാസ് പാസായ ആളാണ്, അതിന്റെ ഒരു ചെറിയ ഗമയുണ്ട്.
നൂല്‍ക്കമ്പനിയില്‍ തൊഴിലാളിയായിരുന്നു.
ഇപ്പോള്‍ ആയിരം രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ട്.

നിരന്തര ചികില്‍സകൊണ്ട് കടംകയറി പൊറുതിമുട്ടിയപ്പൊള്‍ നിലം വില്‍ക്കാന്‍ ജോര്‍ജ് തീരുമാനിച്ചു.  നെല്‍വയലിനിപ്പൊള്‍ തീരെ ഡിമാന്‍ഡില്ല, പോരാത്തതിന് ഒരുപ്പുകണ്ടം.

വിലക്കുറവിനാണെങ്കില്‍ അങ്ങനെ എന്ന് കരുതി കൊടുക്കാമെന്നു വച്ചപ്പൊള്‍, ചിലര്‍ വന്നു, അപ്പോഴാണ്
ഒരു സാങ്കേതികപ്രശ്നം.....
ഭൂമിക്ക് സര്‍ക്കാര്‍ 'തറവില' നിശ്ചയിച്ചിരിക്കുന്നു.
അതില്‍ കുറവില്‍ വില്‍ക്കരുതു

ജോർജ്ജിനെക്കുറിച്ചുള്ള ചിത്രത്തിലെ അവസാന ഫ്രെയിമിൽ, ഒരു നിസ്സഹായ മുഖമാണുള്ളത്...തകർന്നു നിൽക്കുന്നവൻ

അവന്റെ തകർച്ചയുടെ പൂർണത പോലെ- കിടപ്പാടം അടിയന്തരമായ ഒരു ദയനീയാവസ്ഥയിൽ 'കിട്ടിയതാവട്ടെ' എന്നു കരുതി തുച്ഛമായ വിലക്ക് വിറ്റ് തുലഞ്ഞു തകരാൻ പോലുമാവത്ത മരവിച്ച ഒരു  മുഖം.....

അവന്റെ മണ്ണ്...
അവനത്രയും മതിയെന്ന കരുതാൻ പൊലും സ്വതന്ത്രമില്ലാത്തവന്റെ വിളറിയ മുഖം...

ഭൂമിക്ക് സര്‍ക്കാര്‍ 'തറവില' നിശ്ചയിച്ചിരിക്കുന്നു.
അതില്‍ കുറവില്‍ വില്‍ക്കരുതുപോലും....!