Sunday, 22 August 2010

ഉത്രാടരാത്രിയില്‍..........


ഉത്രാടപാച്ചിലിനിടക്ക് ഒരു പഴയെ പ്രവാസി സുഹൃത്തിന്‍റെ കത്ത് ഓര്‍മ്മയില്‍ വന്നു, പങ്കുവെക്കട്ടെ -


പ്രിയപെട്ടവരെ,
ചുട്ടു പൊള്ളുന്ന 'വെയില്‍ വസന്തത്തില്‍ ', കണ്‍സ്ട്രക്ക്ഷന്‍ സൈറ്റ് എന്ന തിരുമുറ്റത്തു- സിമെന്‍റ്ഉം കരിങ്കല്‍ കഷണങ്ങളും കുഴച്ച്, പൂക്കളം തീര്‍ക്കുന്ന ഞാനും എന്‍റെ സഹപ്രവര്‍ത്തകരും ആദ്യമായി ഓണം ആശംസിക്കട്ടെ ..!
നഗരകാന്തിക്കു മങ്ങല്‍ ഏല്പിക്കാത്ത വിദൂര സ്ഥലമായ ഈ ലേബര്‍ ക്യാമ്പി ന്റെ കുടുസ്സില്‍ ഞങ്ങള്‍ക്കും ഓണം ഉണ്ട്ടെന്ന് അറിയുക. പകല്‍ അന്തിയോളം പണിയെടുത്ത് തളര്‍ന്ന് മുറിയില്‍ എത്തുബോള്‍, പരസ്പരം സാന്ത്വനം പകരുന്നവരുടെ സ്നേഹവചസ്സുകള്‍ ഞങ്ങള്‍ക്ക് ഓണപാട്ട്- ഒരു ദമയന്തി പോലും ഇല്ലാത്ത ഞങ്ങളുടെ ആലോങ്കോലപ്പെട്ട അടുക്കളയില്‍ നളന്മാരുടെ പാചക മത്സരം. യാമങ്ങള്‍ പലതും പിന്നിടുന്ന പൂപ്പാട്ടും, പൂരപ്പാട്ടും, പങ്കായപ്പാട്ടും.! (ഇടക്ക് എപ്പോഴോ അലയിളക്കുന്ന 'വെള്ളം'കളിയുടെ കാര്യം സ്വകാര്യം).
ചക്രക്കാലയില്‍ നിരങ്ങുന്ന ആനയും അമ്പാരിയും, വിമാനത്തില്‍ എത്തിയ പെരുവനം കുട്ടന്‍ മാരാരും സംഘവും അടിച്ചു തകര്‍ക്കുന്ന പഞ്ചാരിമേളവും, ചായമടിച്ച പെണ്‍കിടാങ്ങള്‍ ഏന്തിയ താലവും താലപൊലിയും, ഒപ്പം ഗജഗാബീര്യത്തോടെ എഴുന്നെള്ളുന്ന വിശിഷ്ട അതിഥികളും...കൂടെ ഓടിനട'ന്നോണം' പിടിക്കുന്ന 'വാടക മാവേലിയും' ...ഇതൊന്നും ഇല്ലാത്ത ഒരോണം..!
എങ്കിലും 'വയറുമുറുക്കിയുടുത്തവ' ന്‍റെ ഈ 'ദാരിദ്രവാസി'യോണത്തെ നിങ്ങള്‍ നിസാരമാക്കേണ്ടതില്ല. ഞങ്ങള്‍ മുറുകുബോളും, എരിയുബോളും, പുകയുംബോളും- ഞങ്ങളുടെ പാവപ്പെട്ട നാട്ടില്‍, ഒട്ടേറെ കൂരകളിലെ അടുപ്പില്‍ ഞങ്ങള്‍ വഴി പുക ഉയരുന്നുണ്ട്. ദേഹത്ത് ചെളി പുരളുമെന്നതിനാല്‍ അടുക്കള തോട്ടം വെട്ടിവെടുപ്പാക്കിയ ഞങ്ങളുടെ ധര്‍മ്മപത്നിമാര്‍, തമിഴകത്തിന്ന് വന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഗ്യസടുപ്പില്‍ പാക പെടുത്തുന്നുണ്ടാവും. അവരുടെ 'പുത്തനുടുപ്പു'കളില്‍ ഞങ്ങളുടെ സന്തോഷ കണ്ണിരിന്‍റെ നനവുണ്ടാവും. ആ പൈതങ്ങള്‍ 'ഒന്നെന്ന' ഴുതിയപോല്‍ മെലിയാതിരിക്കാന്‍ ഞങ്ങളിവിടെ മെഴുകുതിരിയായിയുരുക്കുന്നത് അവരറിയുന്നില്ലെങ്കിലും. ഞാനടക്കം ഇവിടെ പലരും ഇപ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തലയിണയായി വെച്ചുറക്കം നടിക്കുന്ബോള്‍ അത് നേടിത്തരാന്‍ ഓടിതളര്‍ന്ന അച്ഛനമ്മമാര്‍ -ഉമ്മറതിണ്ണയില്‍ വല്ലപ്പോഴും ഒന്ന് കണ്ണയച്ച് കഥയറിയാതെ നിര്‍വൃതികൊള്ളുന്നുണ്ടാവും. മകനെ 'എത്തേണ്ടിടത്ത് എത്തിച്ച'തിന്‍റെ ധന്യതയാവും അവര്‍ക്ക്.
പ്രിയപ്പെട്ട കൂട്ടുക്കാര-മാവേലികാലവും, മാവേലിരാജ്യവും ഇവിടെ ഞങ്ങളുടെ തട്ടകത്തിലാണ് ..! മലയാളിയും തമിഴനും . തെലുങ്കനും പഞ്ചാബിയുമടക്കം ഇന്ത്യക്കാര്‍ ഒന്ന്..! പാക്കിസ്ഥാനിയും ശ്രിലങ്കനും, ഫിലിപ്പൈനിയും ബംഗ്ലാദേശിയുമെല്ലാം ഒരിടത്ത് ഒരു കുടകീഴില്‍...!
അസ്ഥിയും പേശിയും തകരുന്ന അത്യാദ്വാനത്തില്‍, ദേശ- ഭാഷ -വേഷ -വര്‍ഗ്ഗ വൈജാത്യങ്ങള്‍ അലിയിച്ച് കളയുന്ന പണിയാള സമൂഹം.! ഇല്ലായ്മകളും വാലായ്മകള്‍ക്കും നടുവില്‍, കള്ളവും ചതിയും പൊളി വചനവും അപ്രസക്തമാകുന്ന 'ക്ഷേമലോകം'..!
അതെ! ഇവിടെയാണ് മാവേലി....ഇതാണ് പൊന്നോണം.!

സ്വന്തം
പുറംമോടിയില്ലാത്ത ഒരു 'സാധാരണ ലേബര്‍' പ്രവാസി സുഹൃത്ത്.

( മറ്റൊരു പ്രവാസി സുഹൃത്തിന്‍റെ കരവിരുത് താഴെ ചേര്‍ക്കുന്നു -)