എനിക്ക് ഈ വര്‍ഷം ഓണമില്ല, ഒരു മരണം... ഇനി ഒരുപക്ഷെ ഓരോ ഓണത്തിനും, മനസ്സ് ഒറ്റക്കാവുന്ന ഒരു നിമിഷത്തില്‍ -ഒരു വിങ്ങല്‍ പോലെ കൂടെ ഉണ്ടാവുമായിരിക്കാം. ആ ചിരിക്കുന്ന മുഖം, അതിനു പിന്നില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത കുറെ സമസ്യകള്‍....
ഇന്ന് കണ്ടും കേട്ടും കഴിഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ത്തെടുത്തു പങ്ക് വെക്കട്ടെ -
എവിടെയോ കേട്ടുമറന്ന ഒരു പൂവിളിയാവാം മനസ്സില്‍ അതൊക്കെ ഓര്‍മ്മിപ്പിച്ചത് ..........
ചവിട്ടി താഴ്ത്തെപെട്ട മഹാബലിയുമായി ഗള്‍ഫുകാരന്‍ എങ്ങനെയോ ബന്ധപെട്ടിരിക്കുന്നു.'വര്‍ഷത്തില്‍ ഒരു തവണ' നാട്ടിലേക്ക് വരാന്‍
അനുവദിക്കപെടുന്നത് കൊണ്ടുമാത്രമല്ല അങ്ങനെ ഒരു തോന്നല്‍ വരാന്‍,
ഞാറ്റുവേലയും ഇടവിളയും കടന്നു പോയ മണ്ണ് 'പഴയ വിലക്ക് തൂക്കി വിറ്റ് നാം നേടിയത് എന്താണ് ?സ്വന്തം മണ്ണില്‍നിന്നും കൂട്ടമായി പുറത്തേക്കു പോകാനുള്ള വിസ!
ആഗോളവത്കരണം നമ്മുടെ അവസാന ഗ്രാമത്തെയും വിഴുങ്ങി കഴിഞ്ഞു. നമ്മുടെ സ്റ്റാറ്റസ് നിലനില്‍പ്പും, മറ്റുള്ളവരുടെ മുന്‍പില്‍ ഞെളിഞ്ഞു നിലക്കാനുമുള്ള ത്വരയും , ഉപഭോഗതൃഷ്ണയും നന്നായി ഉപയോഗപെടുത്തിയ ബാങ്കുകള്‍ ...കടവും പലിശയും വീട്ടുമുറ്റത്ത് വരെയെത്തി.... വാങ്ങിയ വായ്പ തിരിച്ചടക്കാന്‍ അടഞ്ഞു കിടക്കുന്നു വീട്ടുവാതില്‍ മുട്ടി തിരിച്ചു പോവുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ അകത്ത് നടന്ന കൂട്ട ആത്മഹത്യയെപറ്റി അറിയാതിരിക്കാന്‍ സാധ്യതയില്ല .....
പണം എല്ലാം പരിഹരിക്കുമെന്നാണ് പുതിയ പാഠം.
പ്രിയ മലയാളി, തനിക്ക് ആള്‍കൂട്ടത്തില്‍ ഏകാന്തത അനുഭവപെടുന്ന പോലെ പലപ്പോഴും തോന്നാറില്ലെ...... ഇരുളടഞ്ഞ 'ഈഗോ'യ്ക്കുള്ളില്‍ നിന്നും മൌനമായി നിലവിളികള്‍ നടത്താറില്ലെ......
ആഘോഷിക്കുന്നത് ഒറ്റക്കല്ല, സ്വപ്നം കാണുന്നത് ഒറ്റക്കല്ല ,
ഒരു സമൂഹം ഒന്നായി, നഷ്ടബോധത്തിനു കീഴെ അണിനിരക്കുന്നു...ഓരോ ഓണത്തിനും .! വിലപ്പെട്ട ഒരു നന്ദിസ്മൃതി പോലെ,
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു സ്വപ്നത്തിനുവേണ്ടി മലയാളി ഒരുമിച്ചിരിക്കുന്നല്ലോ, ആശ്വാസം.
ഓണം ഒരു ആഘോഷം മാത്രമല്ല, ഒരു പാഠമാണ് , പ്രതിരോധമാണ്, തിരിച്ചുപിടിക്കലാണ്, പുതുക്കലാണ്-ഒന്നാവലാണ്.
ഓണകാലത്ത്, സ്ഥിരം കാഴ്ചയാണ് -തിക്കിതിരക്കി, ഇരട്ടി പണം വിമാന ടിക്കെറ്റിന് നല്‍കി മലയാളി നാട്ടില്‍ എത്തുന്നത്. ഇന്നലെകളിലക്ക് ഊളിയിടാന്‍ അവനു തിടുക്കമാണ്. മനസ്സ്നിറയെ ഓണവുമായി നാട്ടില്‍ എത്തുന്ന അവന്‍ പക്ഷെ അവിടെ എത്തിയതോടെ ഊഞ്ഞാല്‍ സ്വപ്നങ് ങളൊക്കെ പൊട്ടിവിഴുന്നത് തിരിച്ചറിയുന്നു ....
എന്തൊക്കെ സ്വപ്നങ്ങള്‍ ആയിരുന്നു -
കുട്ടികളുമൊത്ത് പുലികളി കാണേണം, ഊഞ്ഞാല്‍ ആടണം, ഇരുപതു കൂട്ടം കറികളുമായി തുശനിലയില്‍ വിസ്തരിച്ചു ഒന്ന്‍ ഉണ്ണണം, നിലാവെട്ടതിരുന്നു സുഹൃത്തുക് കളുമായി 'പ്രാണസഖി ഞാന്‍ വെറുമൊരു...'- പാടി, പണ്ടത്തെ പ്രണയ സാഹസങ്ങള്‍ പറഞ്ഞ് രണ്ടെണ്ണം വീശി രാത്രി അടിച്ചുപൊളിക്കേണം.
പക്ഷെ അനുഭവമോ -
പൂക്കളം ഇടാന്‍ ഒരു പാക്കറ്റ് പൂവ്വ് ദിവസവും വാങ്ങി, ഊഞ്ഞാല്‍ ആടലും പുലികളിയുമൊക്കെ ടി .വി. -യില്‍ കണ്ടത് മിച്ചം. (ഇപ്പോള്‍ ഊഞ്ഞാല്‍ കെട്ടാറില്ല, അതൊക്കെ നാണക്കേടാണ് പോലും.) ഇരുപത് കൂട്ടം കറികളുമായി ഓണം ഉണ്ണണം എന്നത് ആറ്കൂട്ടമായും, റെഡിമെയ്ഡ ഉപ്പേരിയിലും ഒതുക്കേണ്ടി വന്നു.
എങ്കില്‍ കൂട്ടുക്കാരുമൊത്തു അടിചൊന്നു പൂസായെങ്കിലും ആഘോഷിക്കാം എന്ന അവസാന മോഹവും പൊലിഞ്ഞു-'നിലാവെട്ടത് ടെറസില്‍ കമ്പനി കൂടാമെന്നും, പാട്ടുപാടമെന്നുമൊക്കെ കഥകളില്‍ വായിക്കാന്‍ കൊള്ളാം; വണ്ടിയില്‍ കയറി കാണുന്ന ബാറിലൊക്കെ കയറി വീശി നടക്കുന്നതാണ് ഇപ്പോളത്തെ ഫാഷന്‍. അല്ലെങ്കില്‍ ഏതെങ്കിലും റിസൊര്‍ട്ടില്‍ കൂടുക.'- ചങ്ങാതിമാരുടെ വാക്കുകള്‍. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന് മനസ്സൊന്നു പാകപ്പെടുത്തിയെടുക്കാന്‍ ഒരല്‍പ്പം സമയമെടുത്തപ്പോള്‍ -വേക്കന്‍സി ഇല്ലത്രെ.! വണ്ടി നിറഞ്ഞു പോലും .പഴയെ ചങ്ങാതിമാര്‍ക്കൊന്നും ഗള്‍ഫുക്കാരനെ കൊണ്ട് നടക്കാന്‍ വണ്ടിയിലും മനസ്സിലും ഇടമില്ല!
അവന്‍ ഒരു അപ്രധാന കഥാപാത്രമായി, നാടിന്‍റെ മാറ്റം അറിയാത്ത പഴഞ്ചന്‍..!!
ടെറസില്‍, നേര്‍ത്ത ഓണനിലവിനെ നോക്കി, നുരപൊന്തുന്ന ഗ്ലാസ്സുമായി തനിച്ചിരിക്കുന്ന അവന്‍ ആത്മഗദമായി പറഞ്ഞ് പോവും -' ഈ വരവ് വേണ്ടായിരുന്നു'
'ദീര്‍ഘ നാളത്തെ സഹനത്തിന് ശേഷം പൂവിടുന്ന ഒരു ചെടി പോലെയാണ് ഓണമെന്ന്' - എം. എന്‍. വി . സാര്‍ ഒരിക്കല്‍ എഴുതി. ഒരു ദിവസം പെട്ടന്ന് പൂവ്വുണ്ടാവുക, പെട്ടന്ന് സന്തോഷമുണ്ടാവുക എന്നൊക്കെ പറയുന്ന പോലെ- അത് കൊണ്ടാണ് 'ഓണമുണ്ട വയറാണിത്, ചൂളവും പാടി കിടന്നാല്‍ മതിയെന്ന്' പറയുന്നത്'.
ശരിയാണ്- അതൊരു ആഘോഷമാണ്, നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഒരു ദിവസം. കൊല്ലത്തിലെ ഈ ഒരു ദിവസത്തെ സുഖത്തിനു വേണ്ടി, നമ്മള്‍ വര്‍ഷം മുഴുവന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവസാനം അത് കാണുകയും -പിന്നെ വീണ്ടും നീണ്ട കാത്തിരിപ്പില്ലേക്ക്...!
ഒരു വര്‍ഷത്തെ പട്ടിണി മുഴുവന്‍ ന്യയികരിക്കപെടുന്നത് 'അവസാനം ഒരു ഓണമുണ്ടായിരിക്കുമല്ലോ' എന്ന സങ്കല്‍പത്തിലാണല്ലൊ...?! അതങ്ങനെ ആണല്ലോ നമ്മള്‍- ഒരു ലക്ഷ്യത്തെ നേടാനുള്ള കാത്തിരുപ്പില്‍ അങ്ങനെ കാലചക്രം തിരിച്ച്.... തിരിച്ച്......
ഗള്‍ഫില്‍ ഓരോ അവധി കഴിഞ്ഞു മടങ്ങി, വീണ്ടും പ്രവാസം സ്വീകരിക്കുന്ന മനസ്സ് 'ഒരിക്കല്‍, ഒടുവില്‍ നാട്ടില്‍ തിരിച്ച് വരുമല്ലൊ'- എന്ന സ്വപ്നം പോലെ......
ചില സാമുഹിക അംഗികാരമാണ് അവന്‍റെ ലക്ഷ്യം! തിരിച്ച് പോവണം, എത്രയൊക്കെ ബുദ്ധിമുട്ടിയാലും നാട്ടില്‍ ഒരു വലിയ വീട് കെട്ടണം.
അവനു വാശിയാണ്, മത്സരബുദ്ധിയാണ് - അവനെ തോല്‍പിച്ച സാമൂഹിക വ്യവസ്ഥിതിയോട്..!
ഓണത്തിന്‍റെ ചരിത്രത്തെക്കാള്‍, അതിനകത്തുള്ള സ്വപ്നത്തെയാണ് എനിക്കിഷ്ട്ടം. ചരിത്രപരമായിട്ടുള്ളതൊന്നും ശരിയായികൊള്ളണമെന്നില്ല. ഒരു കാലഘട്ടത്തിലെ ജനങളുടെ സ്വപ്നമായിരിക്കാം പിന്നീട് ഒരു 'മിത്ത്' ആയി തീര്‍ന്നത്.
വയറു നിറച്ച് ഉണ്ണുക എന്നതിനേക്കാള്‍, 'അതില്‍ കവിഞ്ഞു കഴിക്കുക' എന്ന സ്വപ്നമാണ് ഓണമായി തീര്‍ന്നത്-അതാണ് ഓണസദ്യ.
ഞങ്ങള്‍ ഗള്‍ഫ് പ്രവാസികള്‍- തീര്‍ച്ചയായും നാടിനെ സ്വപ്നം കാണുന്നതിലും, അതിന്‍റെ ചാരുതയും അതിന്‍റെ നഷ്ടപ്പെടലും ഏറെ ഹൃദയത്തോട് ചേര്‍ക്കുന്നതിന് പിന്നില്‍ ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് കണ്ടെത്തിയപ്പോള്‍-ഒരു ജിജ്ഞാസ തോന്നി അന്വേഷിച്ചപ്പോള്‍ വായിച്ചറിഞ്ഞതാണ്- 'പശ്ചിമേഷ്യന്‍ രാജ്യങ്ങളാണല്ലൊ ഇതെല്ലാം.
ഒരര്‍ത്ഥത്തില്‍, ഏദന്‍ തോട്ടം ഇവിടെയായിരുന്നു എന്നാണല്ലൊ പറയുന്നത് .! അവിടുന്ന് പ്രളയം വന്നപ്പോള്‍, നവീന ശിലയുഗത്തില്‍ ലോകം മുഴുവന്‍ വ്യാപിച്ചു എന്നും....!
ഓണാഘോഷത്തില്‍ പലതിനുമൊപ്പം ഒരു ആചാരമാണല്ലോ തൃക്കാക്കരപ്പന്‍. വടക്ക് കേരളത്തില്‍- കളമെഴുത്തും ഉണ്ടെന്ന് അറിയാം. ഇതില്‍ രണ്ടിലും ഒരു പ്രത്യേകത, അല്ലെങ്കില്‍ ഒരു സാമ്യത -അതിനുള്ള ഒരു 'ജ്യോമെട്രിക്കല്‍' ഷെയ്പ് പാണ്. അതിന്‍റെ ഒരു ഊഹം, മുകളില്‍ എത്തുമ്പോള്‍ ചെറുതായി, ചെറുതായി വരുന്ന ചതുരങ്ങള്‍, തട്ട് തട്ടായി അടുക്കി വെച്ചുണ്ടാക്കുന്ന ഗോപുരത്തിന്‍റെ മുകളില്‍ എത്തിയാല്‍ സ്വര്‍ഗത്തില്ലെത്താം എന്ന ബിബ്‌ബ്ലിക്കല്‍ ആശയം- ബാബേലിന്‍റെ ഗോപുരം പോലെ. സമാനതകളുള്ള ഒരു അസുര രാജാവിന്‍റെ കഥ അവിടെയുമുണ്ട്- ഈജിപ്റ്റിലെ പ് രമന്ഷ്. അവിടെയും ഇങ്ങനെയുള്ള 'ജ്യോമെട്രിക്കല്‍' ഷെയ്പ്പാണ് ദൈവത്തിന്‍റെ പ്രതിരൂപങ്ങള്‍ക്ക് ഉള്ളത്, നേരത്തെ പറഞ്ഞ നമ്മള്‍ മണ്ണ് കുഴച്ച് ഉണ്ടാകുന്ന തൃക് കാക്കരപ്പന് രൂപങ്ങള്‍ പോലെ തന്നെ ....!
മഹാബലി അസുര രാജാവായിരുനല്ലോ, ആരാധനാ രീതികളില്‍ ഈ പൊരുത്തകേടുകള്‍ വന്നതും അങ്ങനെ തന്നെ. അത് പോലെ തന്നെ അസുരന്മാരുടെ ധര്‍മ്മ സങ്കല്‍പ്പമല്ല ദേവന്‍മാരുടെ. അങ്ങിനെ ധര്‍മ്മം അനുഷ്ട്ടിക്കുന്നതിനിടയില്‍ ചവുട്ടിതാഴ്ത്തപ്പെട്ട ഒരു രാജാവാണ് മഹാബലി. തെറ്റ് ചെയ്തപോളല്ല, ശരി ചെയ്യ്യുമ്പോള്‍ ആണ് ശിക്ഷിക്കപെട്ടത്.
ചുരുക്കി പറഞ്ഞാല്‍, പോയത് തിരിച്ച് വരിക എന്ന സങ്കല്‍പ്പമാണ് ഓണം.
കാത്തിരിപ്പ്-
പ്രളയത്തില്‍ പൊന്തി വരുന്ന കരപോലെ,
ഉറക്കത്തില്‍ തെളിഞ്ഞു വരുന്ന 'നല്ലൊരു സ്വപ്നം' പോലെ .....!
ഇവിടെ തനിയെ ഇരുന്നുകൊണ്ട് മനസിന്‍റെ മുറ്റത്തെങ്കിലും ഇത്തിരി പൂവിട്ട്, മാവേലിയെ സ്വപ്നം കാണട്ടെ ഞാന്‍ ......