ഈ ആഘോഷവേളയിൽ -കൊച്ചുണ്ണി, നിങ്ങൾക്കിടയിൽ മനം കവർന്ന്, വിജയാഘോഷത്തിമിർപ്പിൽ നിൽക്കുമ്പോൾ ഒരു സുഹൃത്ത് ശ്രദ്ധയിൽ കൊണ്ടുവന്നതാണ്, … തൻറെ പരന്ന സൗഹൃദങ്ങളിലും, അനുഭവോർമ്മകളുമായി പ്രിയപ്പെട്ട മലയാള സിനിമാഗാനങ്ങളെ കൂടുതൽ അലങ്കരിച്ചു പ്രിയങ്കരമാക്കുന്ന രവി മേനോൻ എന്ന രവിയേട്ടൻറെ ആ ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പിന് ആധാരം. 1966- ലെ ‘കായംകുളം കൊച്ചുണ്ണി' യുടെ ഓർമ്മ, കാർത്തികവിളക്ക് വീണ്ടും തെളിയുന്ന, കുങ്കുമപ്പൂവുകൾ പൂക്കുന്നു ഒരു ഓർമ്മ… 52 വർഷത്തിന് ശേഷം കൊച്ചുണ്ണി വീണ്ടും വെള്ളിത്തിരയിൽ വന്നതല്ലേ?... ഓർമ്മവന്നപ്പോൾ, രവിയേട്ടൻ ഉള്ളിൽ ചിരകാലമായി ഉറങ്ങിക്കിടക്കുന്ന മോഹം പങ്കുവെക്കാൻ വിളിച്ചതായിരുന്നു ഗായിക ബി. വസന്തയെ…. ``ഒരിക്കൽ കൂടി മലയാള സിനിമയിൽ പാടണം. ഒന്നുകൂടി ആ ഗാനം കേൾക്കണമെന്ന് പറഞ്ഞപ്പോൾ, ഉടനെ പാടി തന്നു -കാതുകളിൽ അമൃതമഴയായി വീണ്ടും ആ പഴയ ശബ്ദം: ``കാർത്തികവിളക്ക് കണ്ടു പോരുമ്പോൾ എന്നെ കാമദേവൻ കണ്മുനയാൽ എറിഞ്ഞല്ലോ..'' അര നൂറ്റാണ്ടിലേറെ കാലം മുൻപ് ``കായംകുളം കൊച്ചുണ്ണി'' എന്ന സിനിമക്ക് വേണ്ടി പാടി റെക്കോർഡ് ചെയ്ത പാട്ട് ഫോണിലൂടെ പാടിത്തരുകയായിരുന്നു ബി വസന്ത.- പ്രായം ബാധിക്കാത്ത ആ മനോഹര ശബ്ദത്തിൽ.! 1966-ൽ പി എ തോമസ് സംവിധാനം ചെയ്ത കൊച്ചുണ്ണിക്കു വേണ്ടി ബി എ ചിദംബരനാഥിന്റെ ഈണത്തിൽ മറ്റൊരു ഗാനം കൂടി പാടിയിട്ടുണ്ട് വസന്ത -- അഭയദേവിന്റെ രചനയിൽ ``പടച്ചോന്റെ കൃപ കൊണ്ട്.'' എങ്കിലും സൂപ്പർ ഹിറ്റായത് പി ഭാസ്കരൻ എഴുതിയ ``കാർത്തികവിളക്കു'' തന്നെ. ``പാട്ടെഴുതിയ ഭാസ്കരൻ മാഷും ചിട്ടപ്പെടുത്തിയ ചിദംബരനാഥും പാടി അഭിനയിച്ച സുകുമാരിയും എല്ലാം ഓർമ്മയായി. ഞാൻ മാത്രം ബാക്കി '' - വസന്തയുടെ ആത്മഗതം. പഴയ ``കായംകുളം കൊച്ചുണ്ണി''യിൽ വേറെയുമുണ്ടായിരുന്നു സുന്ദര ഗാനങ്ങൾ, എന്നാൽ അതിൽ ഒന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ യുഗ്മഗാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ``കുങ്കുമപ്പൂവുകൾ പൂത്തു ' എന്ന ഗാനരംഗത്ത് ഷാജഹാനും മുംതസുമായി വന്നത് യേശുദാസും ഉഷാകുമാരിയും ആയിരുന്നു…..സിനിമയിൽ സുറുമക്കാരൻ ഖാദറായി പി എ തോമസിന്റെ നിർബന്ധത്തിന് വഴങ്ങി നടന്റെ വേഷമണിയുകയായിരുന്നു യേശുദാസ്. ആ ഗാനത്തിന് പിന്നിലെ ഒരു ഓർമ്മകൂടി … രേവതി സ്റ്റുഡിയോയിൽ നടന്ന ആ ഗാനത്തിന്റെ റെക്കോർഡിംഗിനെ കുറിച്ച് സംഗീത സംവിധായകൻ ചിദംബരനാഥ് പങ്കുവെച്ച ദീപ്തമായ ഒരു ഓർമ്മ..! ``പാട്ടുകാർക്ക് ഒരു മൈക്ക്, ഓർക്കസ്ട്രക്ക് മറ്റൊന്ന് -അതാണ് അന്നത്തെ രീതി. ലൈവ് റെക്കോർഡിംഗാണ്. ഫൈനൽ ടേക്കിൽ ദാസും ജാനകിയും മത്സരിച്ചു പാടി. റെക്കോർഡിസ്റ്റ് കണ്ണൻ ഉൾപ്പെടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവരെല്ലാം കോരിത്തരിപ്പോടെ കേട്ടിരുന്നു മധുരോദാരമായ ആ ആലാപനം. പാടിത്തീർന്നപ്പോഴാണ് സ്റ്റുഡിയോയുടെ വാതിലിൽ ചാരി നിന്നിരുന്ന ഒരു മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്. ഞെട്ടിപ്പോയി - സാക്ഷാൽ നൗഷാദ് അലി..!! ഇന്ത്യൻ സിനിമാസംഗീതത്തിലെ ഇതിഹാസപുരുഷൻ…! ആദ്യമായി കാണുകയാണ് അദ്ദേഹത്തെ. നാഗിറെഡ്ഢി നിർമ്മിച്ച ഏതോ ഹിന്ദി സിനിമയുടെ റീറെക്കോർഡിംഗിനായി മദ്രാസിൽ എത്തിയതാണ് അദ്ദേഹം. സ്റ്റുഡിയോയിൽ വന്നപ്പോൾ മലയാളം സിനിമയുടെ ഗാനലേഖനം നടക്കുകയാണെന്നറിഞ്ഞു. കൗതുകം തോന്നിയതുകൊണ്ട് അകത്തുകയറിനിന്ന് മുഴുവൻ കേട്ടു..'' യാത്രയാകും മുൻപ് നൗഷാദ് പറഞ്ഞ വാക്കുകൾ മരണം വരെ മറന്നില്ല ചിദംബരനാഥ്. ``നല്ല മെലഡി. ഭാഷ അറിയില്ലെങ്കിലെന്ത്? നിങ്ങളുടെ ട്യൂണിലെ പ്രണയം മുഴുവൻ ഞാൻ ആസ്വദിച്ചു..'' ഇതിലപ്പുറം ഒരു അവാർഡ് വേണോ? ഏത് അവാർഡിനേക്കാൾ മഹത്തരമായ, ജീവിതത്തിലെ ഏറ്റവും അമൂല്യമായ അംഗീകാരത്തിന്റെ ഓർമ്മ…!! നമ്മുടെ പുതിയ ``കായംകുളം കൊച്ചുണ്ണി'' തിയറ്ററുകളിൽ തകർത്തോടുമ്പോൾ പഴയ “കാർത്തികവിളക്ക് കണ്ടു പോരുമ്പോ’ഴും “കുങ്കുമപ്പൂവുകളും..” വീണ്ടും മനസ്സിൽ വിടരുന്നു; ഓർമ്മകൾക്ക് സംഗീതത്തിന്റെ സുഗന്ധം പകർന്നുകൊണ്ട്... അരനൂറ്റാണ്ടിനിപ്പുറവും..!